നീണ്ടൂർ ജോർജ് കുട്ടി: കോട്ടയത്തെ ദാവൂദ് ഇബ്രാഹിം ; ജില്ലയിൽ കയറാതെ റിമോട്ടിൽ കഞ്ചാവ് കച്ചവടം നിയന്ത്രിക്കും: ലഹരിക്കോട്ടയിൽ ഒളിപ്പിക്കുന്നത് ഹാഷിഷും എൽ എസ് ഡി യും

നീണ്ടൂർ ജോർജ് കുട്ടി: കോട്ടയത്തെ ദാവൂദ് ഇബ്രാഹിം ; ജില്ലയിൽ കയറാതെ റിമോട്ടിൽ കഞ്ചാവ് കച്ചവടം നിയന്ത്രിക്കും: ലഹരിക്കോട്ടയിൽ ഒളിപ്പിക്കുന്നത് ഹാഷിഷും എൽ എസ് ഡി യും

ക്രൈം ഡെസ്ക്

തിരുവനന്തപുരം: കഞ്ചാവ് സംഘങ്ങൾക്കിടയിലെ ദാവൂദ് ഇബ്രാഹിമാണ് ജോർജുകുട്ടി. കോടതി വിലക്കിനെ തുടർന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കാനാവില്ലെങ്കിലും ജില്ലയിലെ കഞ്ചാവിന്റെ കൺട്രോൾ ജോർജ്കുട്ടിയുടെ കയ്യിലാണ്. മലപ്പുറത്ത് എക്സൈസ് ഉദ്യോഗസ്ഥരെ പിടികൂടിയ കേസിൽ ജയിലിൽ കഴിയുന്ന നീണ്ടൂർ സ്വദേശി ജോർജ് കുട്ടി അറിയപ്പെടുന്നത് തന്നെ ജി കെ എന്നാണ്..! ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽ ഇരുന്ന് മുംബൈ അധോലോകത്തെ നിയന്ത്രിക്കുമ്പോൾ മലപ്പുറത്തെ ഭാര്യ വീടാണ് ജി കെ എന്ന അധോലോക ഡോണിന്റെ പ്രധാന താവളം.
കഞ്ചാവുമായി മുവാറ്റുപുഴയിൽ സംഘാംഗങ്ങളെ പിടികൂടിയതിന് പിന്നാലെ എട്ട് മാസം മുൻപ് ജോർജ് കുട്ടിയും ജയിലിൽ ആയിരുന്നു.ഇതോടെയാണ് ജോർജ്കുട്ടിയ്ക്ക് ജില്ലയിൽ പ്രവേശിക്കാൻ കോടതിയുടെ വിലക്ക് വന്നത്. എന്നാൽ , മലപ്പുറത്ത് നിന്ന് ആന്ധ്രയിലേയ്ക്കും , ഇവിടെ നിന്ന് കമ്പം വഴി കേരളത്തിലെയ്ക്കും ഒഴുകുന്ന കഞ്ചാവിന് പച്ചക്കൊടി കാട്ടി മുന്നിൽ ഓടിയിരുന്നത് ജോർജ്കുട്ടി തന്നെയായിരുന്നു.
മാവോയിസ്റ്റ് മേഖലയായ ആഡ്രയിൽ നിന്നും കമ്പം വരെ സ്വന്തം റിസ്കിൽ ജോർജ്കുട്ടി കഞ്ചാവ് എത്തിക്കും.ഇവിടെ നിന്നും പച്ചക്കറി ലോറിയിലും പാഴ്സൽ വാനിലും ട്രെയിനിലെ ഉണക്കമീനിന് ഇടയിലുമായാണ് കഞ്ചാവ് ജോർജ്കുട്ടി കേരളത്തിലേയ്ക്ക് എത്തിക്കുന്നത്.
പച്ചക്കറി ലോറിയിൽ പച്ചക്കറിക്കെട്ടുകൾക്കിടയിൽ കഞ്ചാവും , ഹാഷിഷ് ഓയിലും , എൽ എസ് ഡി എന്ന മാരക മയക്കുമരുന്നും കേരളത്തിലേയ്ക്ക് എത്തിക്കും. ട്രെയിനിലെയും ലോറികളിലെയും പാഴ്സൽ വാനുകൾ ആരും തുറന്നു പരിശോധിക്കാത്തതിനാൽ ഇത് വഴിയും ജോർജ് കുട്ടിയുടെ കഞ്ചാവ് കേരളത്തിന്റെ അതിർത്തി കടന്ന് എത്തും. ട്രെയിനിൽ ഉണക്കമീൻ കവറിനുള്ളിൽ കഞ്ചാവ് പൊതിഞ്ഞ് ഉണക്കമീനിന് ഒപ്പം കടത്തും. ഉണക്കമീനിന്റെ നാറ്റത്താൽ കഞ്ചാവിന്റെ മണം പുറത്ത് അറിയില്ല.
പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പിസ്റ്റല്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്കു നേരെ ജോര്‍ജുകുട്ടി നാല് റൗണ്ട് വെടി ഉതിർത്തതിനെ തുടർന്നാണ് ഇയാൾ ഇപ്പോൾ പിടിയിലായത്. കാലിൽ മാരകമായി പരുക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽച്ച ചരിത്രമുള്ളയാളാണ് ജോര്‍ജുകുട്ടി.
ഒരു മാസം മുന്‍പ് ബെംഗളൂരിലെ തെളിവെടുപ്പിനിടെ ജോര്‍ജുകുട്ടി രക്ഷപ്പെട്ടതിന്റെ നാണക്കേടിലായിരുന്നു എക്സൈസ്. ജോര്‍ജുകുട്ടിയെ പിടികൂടണമെന്ന് ഉറപ്പിച്ച് ഒരു ടീം ബെംഗളൂര്‍ കേന്ദ്രമാക്കി അന്വേഷണം തുടര്‍ന്നു. ബെംഗളൂര്‍ നഗരത്തിലെ ചേരികള്‍ക്കുള്ളിലാണ് ജോര്‍ജ്കുട്ടിയുടെ താമസം. ആന്ധ്രയില്‍നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് ഒളിപ്പിക്കുന്നതും ഈ ചേരികളിലാണ്. വലിയ കച്ചവടങ്ങള്‍ക്കല്ലാതെ ജോര്‍ജ്കുട്ടി പുറത്തേക്ക് വരില്ല. മയക്കുമരുന്ന് മാഫിയയുടെ കണ്ണുവെട്ടിച്ച് ചേരികള്‍ക്കുള്ളിലേക്ക് കയറാനും കഴിയില്ല. മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ ജോര്‍ജ്കുട്ടിയുടെ നീക്കങ്ങള്‍ അറിയാനും പ്രയാസമായിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് ജോര്‍ജ്കുട്ടി 27ന് ആന്ധ്രയില്‍നിന്ന് ബെംഗളൂരിലെത്തിയ വിവരം എക്സൈസ് ഇന്‍സ്പെക്ടര്‍ അനികുമാറിനു ലഭിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ശരിയാണെന്നു ബോധ്യമായി. പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനു സഹായിച്ച, ബെംഗളൂരിൽ ഒളിത്താവളം ഒരുക്കിയ കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് ബെംഗളൂരുവില്‍നിന്ന് മംഗലാപുരത്തേക്ക് ഇയാള്‍ പൊകുന്നതായി വിവരം ലഭിച്ചു. യാത്ര കേരളത്തിലേക്കാണെന്ന് എക്സൈസ് ഉറപ്പിച്ചു. മലപ്പുറത്ത് വണ്ടൂരില്‍ ഇയാള്‍ക്ക് വീടുണ്ടെന്ന് എക്സൈസിന് നേരത്തെ അറിയാം. രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളുമാണ് വീട്ടിലുള്ളത്. തിരുവനന്തപുത്തുനിന്നും ഒരു എക്സൈസ് ടീം മലപ്പുറത്തേക്ക് എത്തി. മലപ്പുറത്തെ എക്സൈസിലെ ഉദ്യോഗസ്ഥരും ഒപ്പം ചേര്‍ന്നു.
ജോർജ് കുട്ടി പിടിയിലായതോടെ ജില്ലയിലെ കഞ്ചാവ് മാഫിയയ്ക്ക് പൂട്ടിടാം എന്ന പ്രതീക്ഷയിലാണ് എക്സൈസും പൊലീസും.