കൊടും പട്ടിണി; ഗാസയിലെ ദുരിതം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ.
സ്വന്തം ലേഖിക
സ്ഥലം പലസ്തീനിലെ തെക്കന്‍ ഗാസ, റാഫയിലെ ഒരു മൃഗശാല. കാഴ്ച ഇസ്രയേലിന്റെ ക്രൂരതയ്ക്ക് ഇരയായ രണ്ട് വിഭാഗങ്ങള്‍ ഒരുപോലെ ദുഷ്കരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്.
കൃത്യമായി ആഹാരം ലഭിക്കാതെ മൃഗശാലയ്ക്കിടയിലെ കുടിലുകളില്‍ കഴിയുന്ന നിരാലംബരായ മനുഷ്യരും കൂടുകളില്‍ കഴിയുന്ന മൃഗങ്ങളും. സിംഹം ഉള്‍പ്പെടെ ഇവിടെയുള്ള ജീവികളില്‍ പലതും ഭക്ഷണവും മതിയായ പരിചരണവും ലഭിക്കാതെ മൃതപ്രായരായ അവസ്ഥയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കര-കടല്‍-വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ഇസ്രയേലിന്റെ ആക്രമണത്തെ തുടര്‍ന്ന ഗാസയില്‍ നിന്ന് ഇതുവരെ പലായനം ചെയ്യേണ്ടി വന്നത് 23 ലക്ഷത്തോളം പേര്‍ക്കാണ്. റാഫയിലെ തിങ്ങിനിറഞ്ഞ ക്യാമ്ബുകളില്‍ സുരക്ഷിതത്വം തേടി പതിനായിരങ്ങളാണ് നിലയ്ക്കാതെ ഒഴുകുന്നത്.
ഗോമ കുടുംബം നടത്തുന്ന സ്വകാര്യ മൃഗശാലയുടെ കൂടുകളുടെ സമീപത്താണ് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ടെന്റുകള്‍ക്ക് കീഴെ ആശങ്കയില്‍ ഒരുവിഭാഗം കഴിയുന്നത്. മറുവശത്ത് മൃഗശാലയിലെ അവശരായ കുരങ്ങുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ തക്കാളി കഷ്ണങ്ങള്‍ നല്‍കുന്നു.
ഗോമ കുടുംബത്തില്‍പ്പെട്ടവരാണ് മൃഗശാലയില്‍ കഴിയുന്നവരില്‍ കൂടുതല്‍ പേരും. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ നിരവധിയാണ്. ഞങ്ങളുടെ കുടുംബം ഇപ്പോള്‍ മൃഗശാലയിലാണുള്ളത്. യുദ്ധവിമാനങ്ങള്‍ക്കിടയിലെ ജീവിതത്തേക്കാള്‍ സമാധാനമുണ്ട് മൃഗങ്ങള്‍ക്കൊപ്പമുള്ള ജീവിതത്തിന്, എന്ന് എഡല്‍ ഗോമ അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.
ഗാസയിലെ ജനങ്ങള്‍ പട്ടിണി ഭീഷണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഭക്ഷണം, മരുന്ന്, ഇന്ധനം, വൈദ്യുതി എന്നിവയുടെ ഗാസയിലേക്കുള്ള വിതരണം ഇസ്രയേല്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആഗോള തലത്തില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മാനുഷിക സഹായം ഗാസയിലേക്ക് എത്തിയിരുന്നു. കൃത്യമായി എല്ലാ ദിവസവും ഭക്ഷണം ലഭിക്കുന്നില്ലെന്ന് പലസ്തീനികള്‍ ഇപ്പോഴും പറയുന്നുണ്ട്.