ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും മറിച്ച് വിറ്റ് ഏജന്‍സികള്‍; റീഫില്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടും സിലിണ്ടര്‍ ലഭിക്കാതെ വീട്ടമ്മമാര്‍; പരസ്യമായ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാതെ സിവില്‍ സപ്ലൈസ് വകുപ്പ്; കോട്ടയത്ത് പാചക വാതക വിതരണം പ്രതിസന്ധിയില്‍

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും മറിച്ച് വിറ്റ് ഏജന്‍സികള്‍; റീഫില്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടും സിലിണ്ടര്‍ ലഭിക്കാതെ വീട്ടമ്മമാര്‍; പരസ്യമായ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാതെ സിവില്‍ സപ്ലൈസ് വകുപ്പ്; കോട്ടയത്ത് പാചക വാതക വിതരണം പ്രതിസന്ധിയില്‍

സ്വന്തം ലേഖകന്‍

കോട്ടയം: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ച് കോട്ടയത്തെ ഹോട്ടലുകളും തട്ടുകടകളും. വീട്ടമ്മമാരുള്‍പ്പെടെയുള്ള പാചക വാതക ഉപഭോക്താക്കള്‍ സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കാത്തിരുന്നിട്ടും നിരാശയാണ് ഫലം. ബുക്ക് ചെയ്തവര്‍ക്ക് എന്ന് സിലണ്ടര്‍ ലഭിക്കുമെന്ന അറിയിപ്പ് ഏജന്‍സികളില്‍ നിന്നും ലഭിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്.

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് നിയമം. ഇതിനായി പ്രത്യേകമായി വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമാണ്. പക്ഷേ, കോട്ടയത്തെ നിരവധി ഹോട്ടലുകളും തട്ടുകടകളും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വ്യാപാര ആവശ്യത്തിനായി ഉപയോഗിക്കുന്നത് പരസ്യമായ രഹസ്യമാണ്. ഇതിനെതിരെ അന്വേഷണം നടത്താനോ നിയമനടപടി സ്വീകരിക്കാനോ സിവില്‍ സപ്ലൈസ് വകുപ്പ് രംഗത്ത് വന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ മറിച്ച് വില്‍ക്കുന്ന ഏജന്‍സികളും സജീവമാണ്. തുച്ഛമായ ലാഭത്തിന് വേണ്ടിയാണ് ഗാര്‍ഹിക ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ടുള്ള ഈ കൊള്ളയടി.

ഇതിന് പുറമേ, കോട്ടയത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരും പാചക വാതകം ലഭ്യമാകാതെ വലയുന്നുണ്ട്. ആഴ്ച്ചയില്‍ ഒന്നോ, രണ്ടോ ദിവസമാണ് ഇവിടങ്ങളില്‍ സിലണ്ടര്‍ വിതരണത്തിനായി നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത ദിവസങ്ങളില്‍ വിതരണ വാഹനം എത്താത്തതിനാല്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെ പരാതിയുമായി രംഗത്തുണ്ട്. ഗ്രാമ മേഖലയില്‍ ഒരു ഏജന്‍സിയും സിലിണ്ടറുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാത്തതിനാല്‍ മെയിന്‍ റോഡുകളില്‍ സിലിണ്ടറുകളുമായി ഉപഭോക്താക്കള്‍ വിതരണ വാഹനത്തിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്.

ഏജന്‍സികളും 15 മുതല്‍ 30 കിലോമീറ്റര്‍ വരെ ദൂരപരിധിയിലാണ് സിലണ്ടര്‍ വിതരണം നടത്തുന്നത്. ഉപഭോക്താക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്ജനകീയ പ്രതികരണവേദി കോ-ഓര്‍ഡിനേറ്റര്‍ രാജു തെക്കേക്കാല സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് നിവേന്ദനം നല്‍കി.