നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി; ബിജെപി നേതാക്കളിൽ അഴിമതി ആരോപണമില്ല, നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും; രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ല: സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് അതൃപ്തി; പിണറായിയുടെ ഏകാധിപത്യ ശൈലിക്കെതിരെ തുറന്നടിച്ച് മുൻമന്ത്രി ജി സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിനെതിരെ ശബ്ദമുയിർത്തി തുറന്നടിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര മോദിയെ പുകഴ്ത്തി കൊണ്ടും പിണറായി വിജയൻ സർക്കാറിനെ വിമർശിച്ചു കൊണ്ടുമാണ് സുധാകരൻ രംഗത്തു വന്നത്. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും ലീഡർഷിപ്പ് പ്രധാനമെന്നും ജി സുധാകരൻ ഒരു ചാനലിന് നൽകി അഭിമുഖത്തിൽ പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നൽകണമായിരുന്നു. മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തിൽ എത്തിയത്. ഒരാൾ വിചാരിച്ചാൽ മാത്രം എല്ലാവരെയും അടക്കി നിർത്താൻ കഴിയില്ല. വീഴ്ച വന്നാൽ പറയണം. എന്തിനാണ് പേടിക്കുന്നത്. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പുകളും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവിൽ വന്നത്.
ആ വികസന നേട്ടങ്ങൾ ഇപ്പോൾ ഒരു എംഎൽഎയും പറയുന്നില്ല. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ട്’, സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഎം കോട്ടകളിൽ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നുവെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞത്. എവിടെ നിന്നാലും ജയിക്കുമെന്ന് പറയുന്നത് മാധ്യമങ്ങൾ താൻ വിശ്വസിക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ ഒളിയമ്ബുമായി പി ജയരാജനും രംഗത്തു വന്നിരുന്നു.
രണ്ടാം പിണറായി സർക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു പറയുന്നതിനിടെയാണ് പാർട്ടിക്കും സർക്കാരിനുംതെറ്റുപറ്റിയെന്ന് ജയരാജൻ തുറന്നടിച്ചത്. പരാജയത്തിന് ശേഷം കരുത്തോടെ തിരിച്ചുവന്ന പാരമ്പര്യം എൽ.ഡി. എഫിനുണ്ട്. ജനങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് പ്രധാനമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭരണപരാജയവും തെറ്റായ നടപടികളുമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി. എഫിനേറ്റ വൻപരാജയത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം സി.പി. ഐ സംസ്ഥാന കൗൺസിൽ വിലയിരുത്തിയിരുന്നു.
കേന്ദ്രസർക്കാരിനെതിരായ വോട്ടുകളാണ് കോൺഗ്രസിന് ലഭിച്ചതെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തോൽവിയുടെ ന്യായീകരണമായി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നത്. എന്നാൽ ഇതിനെ പൂർണമായും തള്ളിപ്പറഞ്ഞുകൊണ്ടാണ് പാർട്ടിക്ക് തെറ്റുപറ്റിയെന്ന തുറന്ന വിമർശനവുമായി പി.ജയരാജൻ രംഗത്തുന്നവന്നത്. ഇതു വരുംദിവസങ്ങളിൽ സി.പി. എമ്മിലുണ്ടാകുന്ന അടിയൊഴുക്കുകളുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇനിയും കൂടുതൽ നേതാക്കൾ മുഖ്യമന്ത്രിക്കും പാർട്ടിനേതൃത്വത്തിനുമെതിരെ രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.