കോയമ്പത്തൂരിലെ അപകടം: ലോറിയിലുണ്ടായിരുന്നത് ഡ്രൈവർമാത്രം; ഒറ്റയ്ക്ക് വാഹനം ഓടിക്കുമ്പോൾ പ്രതി ഡ്രൈവർ മാത്രമോ..? ലാഭം നോക്കി ഡ്രൈവറെ ഒറ്റയ്ക്കയക്കുന്ന ഉടമയും പ്രതിയാകണം; ലോറിയിൽ രണ്ടു പേർ നിർബന്ധമായും ഉണ്ടാകണമെന്ന് മോട്ടോർ വാഹന വകുപ്പ് 

കോയമ്പത്തൂരിലെ അപകടം: ലോറിയിലുണ്ടായിരുന്നത് ഡ്രൈവർമാത്രം; ഒറ്റയ്ക്ക് വാഹനം ഓടിക്കുമ്പോൾ പ്രതി ഡ്രൈവർ മാത്രമോ..? ലാഭം നോക്കി ഡ്രൈവറെ ഒറ്റയ്ക്കയക്കുന്ന ഉടമയും പ്രതിയാകണം; ലോറിയിൽ രണ്ടു പേർ നിർബന്ധമായും ഉണ്ടാകണമെന്ന് മോട്ടോർ വാഹന വകുപ്പ് 

സ്വന്തം ലേഖകൻ

പാലക്കാട്: കോയമ്പത്തൂർ അവാനാശിയിൽ 19 പേരെ ഇടിച്ചു കൊലപ്പെടുത്തിയ ലോറിയിൽ ഉണ്ടായിരുന്നത് ഡ്രൈവർ തനിച്ച്. 12 ഉം 14 ഉം മണിക്കൂർ ഒറ്റയ്ക്കു ലോറി ഓടിക്കുന്ന ഡ്രൈവർ ഓട്ടത്തിനിടയിൽ ഉറങ്ങിപ്പോയാൽ ഇയാളെ കുറ്റം പറയാൻ സാധിക്കില്ല. രാത്രിയിൽ സർവീസ് നടത്തുന്ന ഭാരവാഹനങ്ങളിൽ ഒന്നിലധികം ജീവനക്കാർ ഉണ്ടാകണമെന്ന സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ചട്ടം നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ, തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്കു എത്തിയ ലോറിയിൽ ഡ്രൈവർ തനിച്ചായിരുന്നു എന്ന വാർത്ത പുറത്ത് വരുന്നത്.

പലപ്പോഴും കണ്ടെയ്‌നർ ലോറികൾ അടക്കമുള്ള വാഹനങ്ങൾ തിരക്കേറിയ റോഡിൽ സർവീസ് നടത്തുന്നത് രാത്രി 11 മുതൽ ആറു മണിവരെയുള്ള സമയത്തായിരിക്കും. നഗരപരിധിയിൽ അടക്കമുള്ള സ്ഥലങ്ങളിൽ കണ്ടെയ്‌നർ ലോറികൾ കയറിയാൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാകും. ഈ കുരുക്ക് ഒഴിവാക്കാൻ പകൽ സമയങ്ങളിൽ ഇത്തരം കണ്ടെയ്‌നർ ലോറികൾക്ക് നഗരങ്ങളിൽ പ്രവേശനം അനുവദിക്കാറില്ല. ഈ പ്രവേശന വിലക്ക് ഒഴിവാക്കാൻ രാത്രിയിൽ പരമാവധി കിലോമീറ്റർ മറികടക്കാനാണ് ഭാരവാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ശ്രമം. ഇതിനായി അമിത വേഗത്തിൽ രാത്രിയിൽ പായും. ഈ സമയം ഒരൽപം അശ്രദ്ധ മാത്രം മതി അപകടം ഉണ്ടാകാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് രാത്രിയിൽ സർവീസ് നടത്തുന്ന വാഹനങ്ങളിൽ നിർബന്ധമായും ഒരാൾ കൂടി ഡ്രൈവർമാർക്ക് ഒപ്പമുണ്ടാകണമെന്ന നിർദേശം നൽകിയത്. രാത്രിയിൽ ഉറക്കം വന്നാലും പലപ്പോഴും ഈ വാഹനങ്ങൾ നിർത്താൻ ഡ്രൈവർമാർ തയ്യാറാകില്ല. വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളതിനാൽ തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നാവും ഇവരുടെ കരുത്ത്. എന്നാൽ, ഈ ഒരു നിമിഷത്തെ ഉറക്കം മാത്രം മതിയാവും അപകടം ഉണ്ടാകാൻ.

ഈ സാഹചര്യത്തിലാണ് അപകടം ഒഴിവാക്കാൻ രാത്രിയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ സഹായി കൂടി വേണം എന്ന് നിർദേശിക്കുന്നത്. എന്നാൽ, ലോറി ഉടമകൾ ശമ്പളത്തിന്റെ ലാഭം നോക്കി പലപ്പോഴും ഡ്രൈവർമാരെ തനിയെ അയക്കുകയാണ് ചെയ്യുന്നത്. പകൽ മുഴുവൻ ഉറങ്ങുന്നതിനാൽ രാത്രിയിൽ ഡ്രൈവർമാർക്ക് ഉറക്കം വരില്ലെന്നും ക്ഷീണമുണ്ടാകില്ലെന്നുമുള്ള വാദമാണ് ഉടമകൾ ഉയർത്തുന്നത്.