പൊലീസ് ഇന്‍സ്പെക്ടറുടെ വേഷം ധരിച്ച് വാഹനപരിശോധന നടത്തി പണം തട്ടൽ; സ്വന്തം ഭാര്യയെ പോലും വിശ്വസിപ്പിച്ചിരുന്നത് എസ്‌ഐ എന്ന്; ബുള്ളറ്റും ഹെല്‍മറ്റും പൊലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങി വഴിമധ്യേ വേഷം മാറി മില്ലിൽ ജോലിക്കു പോകും; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്ന വഴിയില്‍ പൊലീസിന്റെ ഔദ്യോഗിക വേഷം ധരിച്ച് വാഹനപരിശോധന; കോയമ്പത്തൂരിൽ വ്യാജ എസ് ഐ സെൽവത്തിനെ പൊലീസ് കുടുക്കിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോയമ്പത്തൂര്‍: പൊലീസ് ഇന്‍സ്പെക്ടറുടെ വേഷം ധരിച്ച് വാഹനപരിശോധന നടത്തി പണം തട്ടിയിരുന്ന യുവാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ വിരുദ്‌നഗര്‍ജില്ലാ തിമ്മംപട്ടി മള്ളങ്കിണര്‍ സ്വദേശി സെല്‍വമാണ് (39) അറസ്റ്റിലായത്.
സ്വന്തം ഭാര്യയേയും അയല്‍ക്കാരെയും പോലും ഇയാള്‍ പറഞ്ഞു വിസ്വസിപ്പിച്ചിരുന്നത് തമിഴ്നാട് പൊലീസിലെ സബ് ഇന്‍സ്പെക്ടറാണെന്നായിരുന്നു. ശനിയാഴ്ച വൈകീട്ട് ശശികുമാര്‍ എന്നയാൾ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സെല്‍വം പോലീസ് വേഷത്തില്‍ തടഞ്ഞുനിര്‍ത്തിയത്. പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് ശശികുമാര്‍ സുഹൃത്തായ പൊലീസുകാരനെ വിവരമറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനഭാഗമായി തങ്ങളെല്ലാവരും ഡ്യൂട്ടിയിലാണെന്നും വാഹനപരിശോധന നടത്തുന്നില്ലെന്നും അറിയിച്ചു. പിന്നീട് രണ്ടു പൊലീസുകാരെ സംഭവസ്ഥലത്ത് അയച്ചപ്പോഴും താന്‍ കരുമത്തംപട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആണെന്നാണ് സെല്‍വം പറഞ്ഞത്.
ബുള്ളറ്റും ഹെല്‍മറ്റും പൊലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും ധരിച്ചാണ് വ്യാജ എസ്. ഐ. സ്റ്റേഷനിലേക്ക് എത്തിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തിരുപ്പൂര്‍ തെക്കല്ലൂര്‍ ഭാഗത്ത് സ്പിന്നിങ് മില്ലിലെ ജോലിക്കാരനാണെന്ന് സമ്മതിച്ചത്. പൊലീസില്‍ ജോലിയാണെന്നറിയിച്ചാണ് ഇയാള്‍ വിവാഹിതനായത്. ഭാര്യയോടും ബന്ധുക്കളോടും തെക്കല്ലൂരിലെ വീടിനടുത്തുള്ള താമസക്കാരോടും ഇയാള്‍ പൊലീസാണെന്ന് തന്നെയാണ് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടില്‍നിന്നും ജോലിക്ക് പോകുമ്ബോള്‍ യൂണിഫോം ധരിച്ച് പോകുന്ന സെല്‍വം വഴിയില്‍ വേഷംമാറിയ ശേഷമാണ് മില്ലില്‍ ജോലിക്കുപോയിരുന്നത്. കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജില്ലകളില്‍ റോഡരികില്‍ വാഹനപരിശോധന നടത്തിയാണ് പണം തട്ടിയിരുന്നത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്ന വഴിയില്‍ ഇയാള്‍ പൊലീസിന്റെ ഔദ്യോഗിക വേഷം ധരിച്ച് വാഹനപരിശോധന നടത്തിയെന്നത് പോലീസിന്റെ ഗുരുതര കൃത്യവിലോപമായാണ് കണക്കാക്കുന്നത്. കരുമത്തംപട്ടി സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് സാധ്യതയുണ്ട്.