play-sharp-fill
മുദ്ര വായ്പയും ജോലിയും തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു  ലക്ഷങ്ങൾ തട്ടിയ യുവതി  പിടിയിൽ; ചങ്ങനാശ്ശേരി, പാല, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും നിരവധിപേർ തട്ടിപ്പിനിരയായതായി സൂചന

മുദ്ര വായ്പയും ജോലിയും തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ; ചങ്ങനാശ്ശേരി, പാല, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും നിരവധിപേർ തട്ടിപ്പിനിരയായതായി സൂചന

തിരുവല്ല : മുദ്ര വായ്‌പയും തൊഴിലും തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവതി തിരുവല്ലയിൽ പോലീസ് പിടിയിലായി . തിരുമൂലപുരം പൊൻവേലിക്കാവ് കുരിശുമ്മൂട്ടിൽ താഴ്ചയിൽ വീട്ടിൽ കണ്ണൻ കുമാറിന്റെ ഭാര്യ ഇന്ദു (39) വാണ്‌ പിടിയിലായത്.

ചങ്ങാനാശ്ശേരി ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നും വ്യാഴാഴ്ച വൈകിട്ട് പിടിയിലായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിൽ റിമാൻറ് ചെയ്തു. 15 ലക്ഷം രൂപയുടെ മുദ്ര വായ്‌പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച ശേഷം 203500 രൂപ തട്ടിയെടുത്തു എന്നുകാട്ടി തോട്ടപ്പുഴശ്ശേരി കുറിയന്നൂർ മേലേതിൽ ഗോപകുമാറിന്റെ ഭാര്യ സുനിത നൽകിയ പരാതിയിലാണ് അറസ്റ്റ്.

ചങ്ങനാശ്ശേരി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി ആണ് അറിവ് . കഴിഞ്ഞവർഷം നവംബർ 25 ന് കുറ്റൂരിൽ വച്ച് നേരിട്ടും തുടർന്ന് പല ദിവസങ്ങളിലായി ഗൂ​ഗിൾ പേ വഴിയും സുനിതയുടെയും മറ്റുചിലരുടെയും കയ്യിൽ നിന്നും ഇത്രയും തുക തട്ടിയെടുത്തശേഷം ലോൺ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്തില്ല എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല കുറ്റൂരുള്ള പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസ് അന്വേഷണ സംഘത്തിന് പണം തട്ടിയെടുത്തത് ബോധ്യപ്പെടുകയും അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ചങ്ങനാശ്ശേരിയിൽ നടത്തിയ തട്ടിപ്പിനിടെ വീട്ടുകാരെ വിശ്വാസത്തിലെടുക്കാൻ വേണ്ടി തനിക്ക് തിരുവല്ല വിജിലൻസിൽ ജോലിയാണെന്ന് പറഞ്ഞിരുന്നു.

പുളിക്കീഴ് ബീവറേജസിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് രണ്ടു പേരിൽ നിന്നും തിരുവല്ല റവന്യു ടവറിൽ ജോലി ലഭ്യമാക്കാമെന്ന് വാക്ക് നൽകി ഒരാളിൽ നിന്നും തുകകൾ കബളിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം കിട്ടാതെ വന്നപ്പോൾ ചങ്ങാനാശ്ശേരിയിൽ കബളിപ്പിക്കപ്പെട്ടവർ തിരുവല്ല വിജിലൻസ് ഓഫീസിൽ തിരക്കിയപ്പോഴാണ് ചതി ബോധ്യപ്പെട്ടത്.

മൊബൈൽ ഫോൺ ഉപയോഗിക്കാതെ മുങ്ങി നടന്ന യുവതി കഴിഞ്ഞദിവസം ഫോൺ ഉപയോഗിച്ചപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ നീക്കത്തിലാണ് കുടുങ്ങിയത്.

തിരുവല്ല എസ് ഐ നിത്യ സത്യന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എ എസ് ഐ ബിജു,ഡി, സി പി ഓമാരായ മനോജ്‌, അവിനാഷ് എന്നിവരും ഉണ്ടായിരുന്നു.