play-sharp-fill
ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്‌ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തി; രണ്ട്‌ കന്യാസ്‌ത്രീകള്‍ക്കെതിരായ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്‌ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തി; രണ്ട്‌ കന്യാസ്‌ത്രീകള്‍ക്കെതിരായ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

സ്വന്തം ലേഖകൻ

കൊച്ചി : ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്‌ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്ന കേസ്‌ റദ്ദാക്കിയ വിധിയ്‌ക്കെതിരേ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അടിയന്തര ഹര്‍ജി നല്‍കും.


രണ്ടു കന്യാസ്‌ത്രീകളെ പ്രതിചേര്‍ത്താണു കുറവിലങ്ങാട്‌ പോലീസ്‌ നേരത്തെ കേസെടുത്തത്‌. പിന്നീടു കേസ്‌ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ. സിസ്‌റ്റര്‍ അമല, സിസ്‌റ്റര്‍ ആനി റോസ്‌ എന്നിവര്‍ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ തുടര്‍നടപടികളാണു കഴിഞ്ഞ അഞ്ചിനു ഹൈക്കോടതി റദ്ദാക്കിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഷണറീസ്‌ ഓഫ്‌ ജീസസ്‌ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്‌ഥാനമാക്കി മാധ്യമങ്ങള്‍ക്കു നല്‍കിയ പത്രക്കുറിപ്പിനൊപ്പം ഇരയായ കന്യാസ്‌ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തിയെന്നാണു ക്രൈംബ്രാഞ്ച്‌ കേസ്‌.

ചിത്രം പുറത്തുവിട്ടവരുടെ ഉദ്ദേശശുദ്ധി സംശയിക്കണം. എന്നാല്‍, ചിത്രത്തിലുള്ള ഇരയായ കന്യാസ്‌ത്രീയുടെ മുഖം ഭാഗികമായി മായ്‌ച്ചാണു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്‌. എന്നാല്‍, മറ്റു ശരീരഭാഗങ്ങളില്‍നിന്നു കന്യാസ്‌ത്രീയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ലെന്നാണു പരാതി വന്നത്‌. പ്രതികള്‍ ബോധപൂര്‍വമാണു ഇരയുടെ ചിത്രം പുറത്തുവിട്ടതെന്നാണു കൈക്രംബ്രാഞ്ച്‌ കണ്ടെത്തല്‍.

ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയതു ബോധപൂര്‍വമാണ്‌. ഇരയെ സമൂഹത്തില്‍ മോശക്കാരിയാക്കുക എന്ന ലക്ഷ്യമാണു പ്രതികള്‍ക്കുണ്ടായിരുന്നത്‌. ഇതു വിചാരണകോടതിയെ സ്വാധീനിക്കാനും ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി വെറുതെ വിടാനും കാരണമായെന്നുമാണു പ്രോസിക്യൂഷന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്‌.

ഇരയായ കന്യാസ്‌ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്‌ത്രീകള്‍ ഇ മെയില്‍ ചെയ്‌തിരുന്നു. അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിട്ടും ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്നു പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.

അതിനാല്‍, ഇ മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിയമമാണെന്നും അതിനാല്‍ ഐ.പി.സി. 228 വകുപ്പ്‌ ഇവിടെ ബാധകമല്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതി കേസ്‌ റദ്ദാക്കിയത്‌. എന്നാല്‍, ഈ വകുപ്പു ഹൈക്കോടതി വേണ്ടവിധം പണിഗണിച്ചില്ലെന്നാണു സര്‍ക്കാരിന്റെ വാദം.