play-sharp-fill
ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന പരാതി: പാലാ രൂപതാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു

ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന പരാതി: പാലാ രൂപതാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണ സംഘം പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴിയെടുക്കുന്നു. തനിക്കു നേരെയുണ്ടായ പീഡനങ്ങൾ കുറവിലങ്ങാട് പള്ളി വികാരിയേയും പാലാ രൂപതാ ബിഷപ്പിനെയും അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രീ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഉച്ചയോടെ പാലാ ബിഷപ്പ് ഹൗസിൽ എത്തി ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. വൈകിട്ടോടെ കുറവിലങ്ങാട് പള്ളി വികാരിയിൽ നിന്നും മൊഴിയെടുക്കും. ഇരുവരുടെയും മൊഴിയെടുത്ത ശേഷം തിങ്കളാഴ്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും മൊഴിയെടുക്കും. പാലാ ബിഷപ്പിന്റെ നിർദേശപ്രകാരം കർദ്ദിനാളിനെ കണ്ടിരുന്നുവെന്നും അദ്ദേഹം നിർദേശിച്ച പ്രകാരം വത്തിക്കാനും വത്തിക്കാൻ പ്രതിനിധിക്കും നേരിട്ട് പരാതി ഇമെയിൽ ചെയ്തുവെന്നുമാണ് കന്യാസ്ത്രീയുടെ മൊഴി. എന്നാൽ കന്യാസ്ത്രീ തന്നെ വന്നുകണ്ടത് മഠത്തിലെ ചില പ്രശ്നങ്ങൾ പറയാനാണെന്നും പീഡനപരാതിയെ കുറിച്ച് തനിക്കറിവില്ലെന്നുമാണ് കർദ്ദിനാളിന്റെ നിലപാട്. കേരളത്തിലെ അന്വേഷണം 18നകം പൂർത്തിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിർദേശമുണ്ട്. തെളിവുകളും മൊഴികളും എല്ലാം പരിശോധിച്ച ശേഷം അടുത്തയാഴ്ച ജലന്ധറിൽ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.