play-sharp-fill
കാറുകളേയും ഇരുചക്ര വാഹനങ്ങളേയും കൂസാതെ ഫോറസ്റ്റ് ഓഫീസിന് മുന്നിലൂടെ കൂളായി റോഡ് മുറിച്ച്‌ കടന്ന കാട്ടാനക്കൂട്ടം ; വൈറലായി ആനയാത്ര

കാറുകളേയും ഇരുചക്ര വാഹനങ്ങളേയും കൂസാതെ ഫോറസ്റ്റ് ഓഫീസിന് മുന്നിലൂടെ കൂളായി റോഡ് മുറിച്ച്‌ കടന്ന കാട്ടാനക്കൂട്ടം ; വൈറലായി ആനയാത്ര

 

സ്വന്തം ലേഖിക

എറണാകുളം : റോഡിന് ഇരുഭാഗത്തും നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളേയും ഇരുചക്ര വാഹനങ്ങളേയും കൂസാതെ മൂന്നാറിലേക്കുള്ള പ്രധാന പാതയിലൂടെ നടന്ന് നീങ്ങി കാട്ടാന കൂട്ടം. ഇന്ന് രാവിലെ നേര്യമംഗലത്താണ് കാട്ടാനകള്‍ റോഡിലെ ഗതാഗതം അല്‍പനേരം തടഞ്ഞത്. നേര്യമംഗലത്തെ ഫോറസ്റ്റ് റേഞ്ചേഴ്സ് ഓഫീസിന്റെ മുന്‍പിലൂടെയായിരുന്നു കാട്ടാനകളുടെ അലസ നടത്തം.

റോഡിന് ഒരു വശത്ത് കാട്ടാനകള്‍ നില്‍കുന്നത് കണ്ട് നാട്ടുകാര്‍ ഇതുവഴിയെത്തി വാഹനങ്ങളോട് വിവരം പറയുന്നതും ഇതിനിടെ കൂളായി കാട്ടാന റോഡ് മുറിച്ച്‌ കടന്ന് മറുവശത്തെ കാട്ടിലേക്ക് നടന്ന് പോവുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി മൂന്ന് കൊമ്ബന്മാരാണ് റോഡ് മുറിച്ച്‌ കടന്നത്. രണ്ട് കാട്ടാനകള്‍ കടന്നതിന് പിന്നാലെ വണ്ടിയെടുത്ത് മുന്നോട്ട് പോകുന്ന ബൈക്ക് യാത്രികനോട് മുന്നറിയിപ്പ് നല്‍കുന്ന നാട്ടുകാരനേയും വീഡിയോയില്‍ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാവുന്നതിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പടയപ്പയ്ക്ക് പിന്നാലെ ആറിലധികം കാട്ടാനകളാണ് മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലെ തോട്ടം തോഴിലാളികളുടെ നിത്യ ജീവിതം നരകമാക്കിയിട്ടുള്ളത്. ആറ് ആനകളുടെ സംഘമാണ് നിലവില്‍ മേഖലയില്‍ എത്തുന്നത്.

ഇപ്പോള്‍ രാത്രിയെന്നും പകലെന്നുമില്ലാതെ പല സ്ഥലത്തും കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റില്‍ എത്തിയ പടയപ്പ ലയങ്ങളോട് ചേര്‍ന്ന് തൊഴിലാളികള്‍ നട്ടു വളര്‍ത്തിയിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു. ബീൻസും പയറും മറ്റു പച്ചക്കറികളും തിന്നു തീര്‍ത്ത പടയപ്പ മറ്റ് ആക്രമണമൊന്നും നടത്തിയില്ല. ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച പടയപ്പ തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് പിൻവാങ്ങിയത്.