play-sharp-fill
ഭക്ഷണ പ്രേമികളുടെ കേരളത്തില്‍ ഭക്ഷ്യവിഷബാധ ഒരു ട്രെന്റായി മാറുന്നു : ജീവനെടുത്ത് ഷവർമ, കുഴിമന്തിയും പുതിയ രുചിക്കൂട്ടുകളും നമ്മുടെ കുഴിമാന്തിക്കൊണ്ടിരിക്കുകയാണോ? : ഭക്ഷണം കഴിച്ച് സവധാനത്തിലുള്ള ആത്മഹത്യയിലാണോ നമ്മളില്‍ പലരും

ഭക്ഷണ പ്രേമികളുടെ കേരളത്തില്‍ ഭക്ഷ്യവിഷബാധ ഒരു ട്രെന്റായി മാറുന്നു : ജീവനെടുത്ത് ഷവർമ, കുഴിമന്തിയും പുതിയ രുചിക്കൂട്ടുകളും നമ്മുടെ കുഴിമാന്തിക്കൊണ്ടിരിക്കുകയാണോ? : ഭക്ഷണം കഴിച്ച് സവധാനത്തിലുള്ള ആത്മഹത്യയിലാണോ നമ്മളില്‍ പലരും

സ്വന്തം ലേഖകൻ
ഭക്ഷണ പ്രേമികളുടെ കേരളത്തില്‍ ഭക്ഷ്യവിഷബാധ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. ഇടുക്കില്‍ മീനിലൂടെ തുടങ്ങിയ വിഷബാധ മലപ്പുറത്ത് കുഴിമന്തിയില്‍ എത്തി നില്‍ക്കുകയാണ്.ഭക്ഷ്യവിഷബാധയേറ്റ് ചെറുവത്തൂരില്‍ വിദ്യാര്‍ഥിനി മരിച്ചതോടെ മലയാളികള്‍ക്ക് ഫാസ്റ്റ് ഫുഡുകളോട് ചെറിയ ഭയം വന്നിരിക്കുന്നു എന്ന് തന്നെ പറയാം.

മലപ്പുറം വേങ്ങരയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ്. മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് പുറത്ത വന്നിരിക്കുന്ന വിവരം. ഷവര്‍മ ചിലരുടെ ജീവനെടുത്തെങ്കില്‍ കുഴിമന്തിയും പുതിയ രുചിക്കൂട്ടുകളും നമ്മുടെ കുഴിമാന്തിക്കൊണ്ടിരിക്കുകയാണ്. സാവധാനത്തിലുള്ള ആത്മഹത്യയിലാണ് നമ്മളില്‍ പലരും.


ശരിക്കും എന്താണ് മന്തി..? സൗദി അറേബ്യയില്‍ നിന്ന് നിതാഖാത്തിനൊപ്പം കേരളത്തിലെത്തിയ വിഭവമാണ് കുഴിമന്തി. മലബാര്‍ മേഖലയില്‍ ഓരോമുക്കിലും കുഴിമന്തിക്കടകളാണ്. കോഴിക്കോട് പോയാല്‍ നഹദി, മലപ്പുറം വന്നാല്‍ മജിലിസ് അങ്ങനെ എത്രയോ എത്രയോ..മന്തികടകള്‍. അവിടങ്ങളിലൊക്കെ രാവുംപകലും തിരക്കോട് തിരിക്കുതന്നെയാണ് എന്നുള്ളതാണ് മറ്റൊരു സത്യം. വിവാഹങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും ഇപ്പോള്‍ ബിരിയാണി മാറി കുഴിമന്തിയായിരിക്കുകയാണ്. ചൈനീസ് സാള്‍ട്ട് എന്ന പേര് വിളിക്കുന്ന അജിനോമോട്ടോയാണ് എല്ലാ ഫാസ്റ്റ് ഫുഡുകളെയും പോലെ കുഴിമന്തിയുടെയും രുചിരഹസ്യമെന്നും വിദ​ഗ്ദര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യ വസ്തുക്കളുടെ രുചികൂട്ടാനും ഭക്ഷണത്തോട് അമിതമായ ആര്‍ത്തി ഉണ്ടാക്കുന്നതിനുമാണ് അജിനോമോട്ടോ ചേര്‍ക്കുന്നത്. ആധുനിക ചൈനക്കാര്‍ രുചികൂട്ടാനായി ഉപയോഗിച്ച്‌ വന്നിരുന്ന അജിനോമോട്ടയുടെ ഉപയോഗം അവിടത്തെ കുട്ടികളില്‍ വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നതായാണ് കണ്ടെത്തിയത്. ഇത് അന്വേഷിച്ച മെഡിക്കല്‍ സംഘം കുട്ടികളിലെ വൃക്ക തകരാറാക്കിയത് അജിനോമോട്ടോ തന്നെയാണെന്ന് കൃത്യമായി മനസ്സിലാക്കി. തുടര്‍ന്ന് ചൈനയില്‍ അജിനോമോട്ടോയുടെ ഉപയോഗം നിരോധിച്ചു.

പക്ഷേ, ഇന്ത്യയിലേക്കടക്കം അജിനോമോട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്. ബിരിയാണി, ഫ്രൈഡ് റൈസ്, നെയ്‌ച്ചോറ്, ചില്ലി ചിക്കന്‍, ജിഞ്ചര്‍ ചില്ലി, ഗോപി മഞ്ചൂരി, ഹോട്ടല്‍ വിഭവങ്ങള്‍, ചായ,കാപ്പി ബേക്കറി പലഹാരങ്ങള്‍ എന്നിവയിലെല്ലാം ഇപ്പോള്‍ അജിനോമോട്ടോ ചേര്‍ക്കുന്നുണ്ട്.

ഫാസ്റ്റ് ഫുഡുകള്‍ ശീലമാക്കിയവര്‍ പൊണ്ണത്തടിയന്‍മാരും 90 ശതമാനം രോഗികളുമായിരിക്കും. കരളും വൃക്കയും തകര്‍ന്ന എത്രയെത്ര ഹതഭാഗ്യരാണ് സഹായ ഹസ്തവുമായി നമ്മുടെ മുമ്ബിലെത്താറുള്ളത്. അവര്‍ക്ക് വേണ്ടി സഹായത്തിനിറങ്ങുമ്ബോഴെങ്കിലും അവരെ അതിനിരയാക്കിയത് നിയന്ത്രണമില്ലാത്ത തീറ്റയാണെന്ന് ആരും അവരെ ഓര്‍മപ്പെടുത്താറില്ല. കുഴിമന്തിയും മറ്റ് ഫാസ്റ്റ്ഫുഡുകളും കഴിക്കുന്നവര്‍ ഓര്‍ക്കുക, താനൊരു വൃക്കരോഗി ആയിക്കൊണ്ടിരിക്കുകയാണ്. അജിനോമോട്ടോ നല്‍കുന്ന വല്ലാത്തരുചി നമ്മെ നിത്യരോഗിയാക്കുകയാണ്.

ഫാസ്റ്റ്ഫുഡിന്റെ ഉപയോഗം വന്ധ്യതക്കും കാരണമാകുന്നുണ്ട് എന്നുള്ള പഠനവും പുറത്ത് സവന്നിരിക്കുകയാണ്. കേരളത്തില്‍ വന്ധ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനുള്ള കാരണങ്ങള്‍ പലതാകാം. പലപ്പോഴും ശാരീരിക പരിശോധനയില്‍ ഇവര്‍ക്ക് വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനും കഴിയാറില്ല. ജനിതകമാറ്റങ്ങള്‍ വരുത്തിയ ഭക്ഷ്യവസ്തുക്കളാണിതിന് കാരണമെന്നത് തിരിച്ചറിയപ്പെടാതെ പോകുകയാണ്. ഏത് ഭക്ഷണം കഴിക്കണം, എപ്പോള്‍ കഴിക്കണം, എന്ത് കഴിക്കരുത്, എപ്പോള്‍ കഴിക്കരുത് എന്ന സാമാന്യബുദ്ധി മനുഷ്യര്‍ക്കില്ലാതായിരിക്കുന്നു. അതുതന്നെയാണ് അവരെ മാറാരോഗങ്ങളിലേക്കും മഹാവ്യാധികളിലേക്കും വഴിനടത്തുന്നതും.

ഒരു നേരം പോലും നല്ല ഭക്ഷണം കഴിക്കാനോ മറ്റുള്ളവരെ കഴിപ്പിക്കാനോ നമുക്കറിയില്ല. കല്യാണ പാര്‍ട്ടികളിലും വിശേഷാവസരങ്ങളിലും വിശിഷ്ടാതിഥികളെ ക്ഷണിച്ചുവരുത്തി വിഷമാണ് തീറ്റിക്കുന്നത്. കല്യാണ പന്തലുകളില്‍ വിളമ്ബുന്ന ബിരിയാണിയും മറ്റു വിഭവങ്ങളും പോഷക സമൃദ്ധമാണെന്നാണ് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. ആഹാരമാണ് നിനക്ക് ഔഷധമെന്ന് പറഞ്ഞത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസാണ്. എന്നാല്‍ ആഹാരമണ് ഇന്ന് മനുഷ്യനെ രോഗിയാക്കിക്കൊണ്ടിരിക്കുന്നത്. നമ്മള്‍ കഴിക്കുന്ന ആഹാരം നല്ലതല്ലെന്ന് മാത്രമല്ല വിഷലിപ്തവും മാലിന്യം നിറഞ്ഞതുമാണെന്ന് വന്നിരിക്കുന്നു.

അജ്ഞതയും അറിവില്ലായ്മയും ചൂഷകര്‍ക്ക് വലിയ അവസരങ്ങള്‍ തുറന്നിടുന്നു. കഴിക്കുന്ന ആഹാരത്തിലും കുടിക്കുന്ന വെള്ളത്തിലും കുത്തകകളുടെ കല്‍പ്പനകളെ ശിരസാവഹിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമായിത്തീരുന്നു. അതുകൊണ്ടുതന്നെ പോഷക സമ്ബുഷ്ടമായ ഭക്ഷണ ശീലങ്ങളും തനതായ ഭക്ഷണ വിഭവങ്ങളും ജീവിതത്തില്‍ തിരിച്ചുകൊണ്ടുവരിക മാത്രമേ പോംവഴിയുള്ളൂ.

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണശീലം പഠിപ്പിക്കുന്നത് രക്ഷിതാക്കളാണ്. അവര്‍ തന്നെയാണിവിടെ ഒരുപരിധിവരെ തെറ്റുകാരും. ബേബി ഫുഡില്‍ തുടങ്ങുന്നു വിരുദ്ധാഹാരങ്ങളുടെ വിഷക്കൂട്ടുകള്‍. കോംപ്ലാനും ഹോര്‍ലിക്‌സും ബേബിവിറ്റയും മിഠായികളും ബേക്കറി പലഹാരങ്ങളും പാലും ഐസ്‌ക്രീമും ചോക്ക്‌ളേറ്റും ഒന്നും ഒരു കുഞ്ഞ് ആവശ്യപ്പെടുന്നതല്ല. നമ്മള്‍ അവരെ ശീലിപ്പിക്കുന്നതാണ്.

ഒരു വയസ്സു മുതല്‍ മൂന്ന് വയസ്സുവരെയുള്ള പ്രായത്തിനിടയിലാണ് കുട്ടികളില്‍ ഭക്ഷണശീലത്തിന് അടിത്തറയുണ്ടാകുന്നത്. ഒരു ഭക്ഷണത്തോടുള്ള വെറുപ്പും മറ്റൊന്നിനോടുള്ള മമതയും ഉടലെടുക്കുന്നതും ഈ പ്രായത്തിലാണ്. ഭക്ഷണശീലത്തെ സംബന്ധിച്ച്‌ ചുട്ടയിലെ ശീലം ചുടലവരെ എന്ന പഴമൊഴി വളരെ ശരിയാണ്. രക്ഷിതാക്കള്‍ ജാഗ്രത പാലിച്ചേ മതിയാകൂ. അടുത്ത തലമുറക്കുവേണ്ടി എങ്കിലും.