യാത്രക്കാര്‍ കുറവ്; കേരളത്തിലേക്ക് 40 കിലോ ബാഗേജും കുറഞ്ഞ നിരക്കുമായി വിമാനങ്ങള്‍
സ്വന്തം ലേഖിക
ദുബൈ: യു.എ.ഇയില്‍ നിന്ന് ഇന്ത്യന്‍ യാത്രികരുടെ എണ്ണം കുറഞ്ഞതോടെ അധിക ബാഗേജും കുറഞ്ഞ നിരക്കും നല്കി വിമാനക്കമ്ബനികള്‍.
എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ്ജെറ്റ് ഉള്‍പെടെയുള്ള കമ്ബനികള്‍ 40 കിലോ ബാഗേജാണ് നല്‍കുന്നത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളത്തിലേക്കും ഈ ഓഫര്‍ നല്കുന്നു.
എല്ലാ സര്‍വീസുകള്‍ക്കും ഇളവ് നല്കുന്നില്ലെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം സര്‍വീസുകളിലും ബാഗേജ് ഇളവുണ്ട്. ഇതിന് പുറമെ, അധിക ബാഗേജിന് ഈടാക്കിയിരുന്ന നിരക്കിലും ഇളവ് വരുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
50 ദിര്‍ഹം (1000 രൂപ) നല്കിയാല് പത്ത് കിലോ കൂടി അധികമായി ഉള്പെടുത്താമെന്ന ഓഫറാണ് സ്പൈസ്ജെറ്റ് മുന്നോട്ടുവെക്കുന്നത്. നേരത്തെ ഇത് 200 (4000 രൂപ) ദിര്‍ഹമായിരുന്നു. 25 ദിര്‍ഹം (500 രൂപ) നല്കിയാല് അഞ്ച് കിലോ അധികമായി ഉള്‍പെടുത്താം.
യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് ടിക്കറ്റ് നിരക്കും വളരെ കുറവാണ്. 300 ദിര്‍ഹം (6000 രൂപ) മുതല്‍ തുടങ്ങുന്നു നിരക്ക്. സാധാരണ 600-700 ദിര്‍ഹമാണ് (12,000-14,000 രൂപ) ടിക്കറ്റ് നിരക്ക്.
അതേസമയം, ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ഇപ്പോഴും നിരക്ക് കൂടുതലാണ്. എക്സ്പോ ഉള്‍പെടെയുള്ള മഹാമേളകള്‍ നടക്കുന്നതും സാധാരണ നില വീണ്ടെടുത്തതുമാണ് യു.എ.ഇയിലേക്ക് തിരക്ക് വര്‍ധിക്കാന്‍ കാരണം.