തലപോയാലും വേണ്ടില്ല; പണം കിട്ടിയാൽ മതി: യാത്രക്കാരുടെ തല കൊയ്യാൻ നാഗമ്പടത്ത് നഗരസഭയുടെ പരസ്യബോർഡ്: ബോർഡ് മാറ്റാൻ നിർദേശവുമായി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ കത്ത്

തലപോയാലും വേണ്ടില്ല; പണം കിട്ടിയാൽ മതി: യാത്രക്കാരുടെ തല കൊയ്യാൻ നാഗമ്പടത്ത് നഗരസഭയുടെ പരസ്യബോർഡ്: ബോർഡ് മാറ്റാൻ നിർദേശവുമായി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ കത്ത്

സ്വന്തം ലേഖകൻ

കോട്ടയം: തലപോയാലും വേണ്ടില്ല, കോട്ടയം നഗരസഭയ്ക്ക് പണം കിട്ടിയാൽ മതി. യാത്രക്കാരുടെ തലകൊയ്യുന്ന തരത്തിൽ പരസ്യബോർഡുകൾക്കുള്ള ഇരുമ്പു ബ്രാക്കറ്റുകൾ നഗരസഭ ഉറപ്പിച്ചിരിക്കുന്നത് അപകടകരമായ നിലയിൽ. നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലുമാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനായി ഇരുമ്പ് ബ്രാക്കറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. കാൽനടക്കാർ ഫുട്പാത്തുകളിൽ കൂടി നടന്നാൽ കഴുത്തറ്റു പോകുന്ന രീതിയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് മേൽപ്പാലത്തിലും പാലങ്ങളിലും അടക്കം ഉള്ളത്. ആറടിയിൽ താഴെ ഉയരത്തിലാണ് പല സ്ഥലത്തും പാലത്തിൽ ബ്രാക്കറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അപകടകരമായ സാഹചര്യം കണ്ട സാഹചര്യത്തിൽ ഇത് ഒഴിവാക്കണമെന്നും, യാത്രക്കാരുടെ സുരക്ഷിതത്വത്തെ ബാധിക്കരുതെന്നും ചൂണ്ടിക്കാട്ടി കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് കോട്ടയം നഗരസഭയ്ക്ക് കത്തു നൽകി.
നാഗമ്പടം റെയിൽവേ മേൽപ്പാലത്തിലെ ഇരുമ്പ് ബ്രാക്കറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം കത്ത് നൽകിയിരിക്കുന്നത്. അപ്രോച്ച് റോഡിന്റെ തുടക്കത്തിൽ ഉയരം തീരെ കുറച്ചാണ് ഇത്തരത്തിൽ ബ്രാക്കറ്റുകൾ ഘടിപ്പിച്ചിരിക്കുന്നത്. പരസ്യബോർഡുകൾ സ്ഥാപിക്കുമ്പോൾ ഫുട്പാത്തിൽ നിന്നും 250 സെന്റീ മീറ്ററെങ്കിലും ഉയരത്തിൽ വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ.ടി.ഒ കത്ത് നൽകിയിരിക്കുന്നത്.


പാലങ്ങളിൽ രാത്രി കാലത്ത് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ എൽഐസിയുടെ പരസ്യം സ്ഥാപിച്ച കോട്ടയത്തെ പാലത്തിൽ പല ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നാഗമ്പത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്കുള്ള പാലത്തിൽ എൽഐസിയുടെ പരസ്യ ബോർഡ് സ്ഥാപിച്ച 14 എണ്ണത്തിൽ ആറെണ്ണം മാത്രമാണ് തെളിയുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ചുങ്കം പാലത്തിൽ മൈജി എന്ന കമ്പനിയുടെ പരസ്യം 16 ബോർഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഒരെണ്ണം പോലും തെളിയുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലൈറ്റുകൾ തെളിയിക്കാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ മാത്രമായി സ്ഥാപിച്ച വിളക്കുകാലുകളിലെ വെളിച്ചം തെളിയിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ജില്ലാ കളക്ടർ പി.എസ് സുധീർബാബുവിനും കത്തു നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group