ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം

സ്വന്തം ലേഖകൻ

ബംഗളൂർ: ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ബ്യാദരഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭാരതി(51) മക്കളായ സിഞ്ചന(34) സിന്ദൂര(34) മധുസാഗർ(25) എന്നിവരും ഒമ്പത് മാസം പ്രായമുള്ള ആൺകുഞ്ഞുമാണ് മരിച്ചത്. വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ രണ്ടരവയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരിൽ മുതിർന്നവരായ നാലുപേരെയും വ്യത്യസ്ത മുറികളിൽ തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം മുറിയിലെ കിടക്കയിലായിരുന്നു. ഇതിനിടെയാണ്, അബോധാവസ്ഥയിലായ രണ്ടരവയസ്സുകാരിയെയും കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാലാണ് പെൺകുട്ടി അവശനിലയിലായതെന്നാണ് കരുതുന്നത്. കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ഫോണിൽ വിളിച്ചിട്ടും ഭാരതിയുടെയും കുടുംബത്തിന്റെയും പ്രതികരണമില്ലാത്തതിനാൽ വീട്ടുടമയാണ് വിവരം പോലീസിൽ അറിയിച്ചത്. വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന് പോലീസ് സംഘമെത്തി വാതിൽ പൊളിച്ച് അകത്തുകടന്നതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൂന്നോ നാലോ ദിവസം മുമ്പാണ് ഇവരുടെ മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ വാതിലുകളും ജനലുകളുമെല്ലാം അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. അതേസമയം, നാല് ദിവസം കഴിഞ്ഞിട്ടും ഇക്കാര്യങ്ങളൊന്നും അയൽക്കാർ ശ്രദ്ധിച്ചില്ലെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ലെന്നും വീട്ടിൽ പരിശോധന തുടരുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.