ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടില്‍നിന്ന് തീ പടർന്ന് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്; ശരീരമാസകലം പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; രണ്ടുപേരുടേയും നില ഗുരുതരം; ബോട്ട് പൂര്‍ണമായി കത്തിനശിച്ചു
കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടില്‍നിന്ന് തീ പടര്‍ന്ന് മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ശരീരമാസകലം പൊള്ളലേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബോട്ട് പൂര്‍ണമായി കത്തിനശിച്ചു.
ശനിയാഴ്ച രാത്രി 11.45-ഓടെ ബേപ്പൂര്‍ ഹാര്‍ബറില്‍ ‘അഹല്‍ ഫിഷറീസ്’ എന്ന ബോട്ടിലാണ് തീപ്പിടിത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എന്‍ജിനില്‍നിന്നാണ് തീപടര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇന്ധനം നിറച്ച ബോട്ടായതിനാല്‍ വളരെ വേഗം തീപടര്‍ന്നു.
തീപിടിച്ച ഭാഗം കരയിലേക്ക് വന്നത് വലിയ പരിഭ്രാന്തിയുണ്ടാക്കി. ഇതിനെ തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന ബോട്ടുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായി കത്തിനശിച്ചു.
രണ്ടുദിവസം മുന്‍പാണ് ബോട്ട് ബേപ്പൂരിലെത്തിയത്. മീഞ്ചന്ത, ബീച്ച്, നരിക്കുനി, മുക്കം എന്നിവിടങ്ങളില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി.