മത്സ്യത്തൊഴിലാളിക്ക് അനുവദിച്ച സാമ്പത്തിക സഹായം തിരികെ നല്‍കണമെന്ന് ഫിഷറീസ് വകുപ്പ്
സ്വന്തംലേഖകൻ
ആലപ്പുഴ:കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നതിന് അനുവദിച്ച സാമ്പത്തിക സഹായം തിരിച്ചുനല്‍കണമെന്ന് മത്സ്യത്തൊഴിലാളിയോട് ഫിഷറീസ് വകുപ്പ്.
വിവാഹിതനല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ നീര്‍ക്കുന്നം സ്വദേശി ഉണ്ണികൃഷ്ണന് സഹായം നിഷേധിക്കുന്നത്. പ്രളയരക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ആദരിച്ച മത്സ്യതൊഴിലാളിയാണ് ഉണ്ണികൃഷ്ണന്‍.
രാപ്പകലില്ലാതെ അധ്വാനിച്ച് കെട്ടി ഉയര്‍ത്തിയ വീട് രണ്ട് കൊല്ലം മുന്‍പ് കടല്‍കൊണ്ടുപോയി. കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്ന മത്സ്യതൊഴിലാളികള്‍ക്ക് വസ്തു വാങ്ങി വീട് വയ്ക്കാനുള്ള 10 ലക്ഷം രൂപ ഉണ്ണികൃഷ്ണനും സര്‍ക്കാര്‍ അനുവദിച്ചു.
ആദ്യ ഗഡുവായ ഒരു ലക്ഷം ബാങ്ക് അക്കൗണ്ടിലെത്തി.ഈ തുക ഭൂമി വാങ്ങാന്‍ അഡ്വാന്‍സും നല്‍കി. അപ്പോഴാണ് ഫിഷറീസ് വകുപ്പിന്‍റെ പുതിയ അറിയിപ്പ് എത്തുന്നത്. നല്‍കിയ പണം തിരിച്ചടയ്ക്കണം.
വസ്തു വാങ്ങാന്‍ നല്‍കിയ മുന്‍കൂര്‍ പണം തിരികെ കിട്ടുമോയന്ന് ഉറപ്പില്ല. എത്രയും വേഗം പണം തിരിച്ചടച്ചില്ലെങ്കില്‍ പലിശ അടക്കം ഈടാക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ മുന്നറിയിപ്പ്. ശാരീരിക അവശതകള്‍ നേരിടുന്ന ഉണ്ണികൃഷ്ണന് ഒരു സഹോദരി മാത്രമാണുള്ളത്. സഹായം തേടി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
മത്സ്യതൊഴിലാളിക്ക് വീട് വയ്ക്കാന്‍ സാമ്ബത്തിക സഹായം നല്‍കുമ്ബോള്‍ വിവാഹം ചെയ്തവരാണ് അര്‍ഹരെന്ന നിയമം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ഫിഷറീസ് വകുപ്പ് വിശദീകരിക്കുന്നു. എന്നാല്‍ പണം അനുവദിക്കും മുന്‍പ് ഇത് അന്വേഷിച്ചില്ലേ എന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല.