ഏറ്റുമാനൂരിൽ എത്തിച്ച മീൻ കോട്ടയത്തെ മൊത്തവ്യാപാരിയ്ക്ക്: മണർകാട്ടും, പന്നിമറ്റത്തും, ഏറ്റുമാനൂരിലും അടക്കം വിൽക്കുന്നത് ചീഞ്ഞ മീൻ; കൊറോണ വന്നു തലയ്ക്കു മുകളിൽ നിന്നിട്ടും ലാഭക്കൊതിയുമായി മീൻ കച്ചവടക്കാർ

ഏറ്റുമാനൂരിൽ എത്തിച്ച മീൻ കോട്ടയത്തെ മൊത്തവ്യാപാരിയ്ക്ക്: മണർകാട്ടും, പന്നിമറ്റത്തും, ഏറ്റുമാനൂരിലും അടക്കം വിൽക്കുന്നത് ചീഞ്ഞ മീൻ; കൊറോണ വന്നു തലയ്ക്കു മുകളിൽ നിന്നിട്ടും ലാഭക്കൊതിയുമായി മീൻ കച്ചവടക്കാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോകം മുഴുവൻ കൊറോണപ്പേടിയിൽ വിറച്ചു നിൽക്കുമ്പോൾ ലാഭക്കൊതിയുമായി മീൻ കച്ചവടക്കാർ. മൂന്നു ദിവസംകൊണ്ട് ആറായിരം കിലോയിലധികം മീനാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ നിന്നും 2500 കിലോ മീൻ ഭക്ഷ്യസുരക്ഷാ വിഭാഗവും, ആരോഗ്യ വകുപ്പും നഗരസഭയും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.

ഈ മീൻ കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജില്ലയിലെ മീൻ മൊത്തവ്യാപാരിയ്ക്കായാണ് എത്തിച്ചത്. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും നടത്തിയ അന്വേഷണത്തിൽ ഇയാൾക്കു വേണ്ടിയാണ് മീൻ എത്തിച്ചത് എന്നു കണ്ടെത്തിയിരുന്നു. ഇയാളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മീൻ വിതരണം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാക്കിൽ, പന്നിമറ്റം, നാട്ടകം, ഏറ്റുമാനൂർ, മണർകാട് എന്നിവിടങ്ങളിൽ എല്ലാം ഇയാളാണ് ചീഞ്ഞ മീൻ വിതരണം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവും ടൺ കണക്കിന് മീനാണ്  മൊത്തക്കച്ചവടക്കാരൻ കോട്ടയത്ത് എത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റുമാനൂരിലെയും, ഗാന്ധിനഗറിലെയും, മണർകാടെയും ഗോഡൗണുകളിൽ എത്തിച്ച മീൻ ലോറികളിൽ വിവിധ സ്ഥലങ്ങളിലേയ്ക്കു എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് വലിയ തോതിൽ മീൻ വിൽക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യും. ആളുകളെ ആരോഗ്യ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ലാതെ, ഗുരുതരമായ വിഷാംശമുള്ള മീനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയിട്ടും ഇതുവരെയും ചീഞ്ഞ മീൻ എത്തിക്കുന്നതിന് നിയന്ത്രണം കൊണ്ടു വരാൻ സാധിച്ചിട്ടില്ല.

സംസ്ഥാനത്ത് മാത്രം ഏതാണ്ട് 11756 കിലോ മീനാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ സാഗർ റാണി എന്ന പേരിലാണ് വ്യാജ മീൻ പിടിക്കാൻ നടപടിയെടുത്തിരിക്കുന്നത്. പരിശോധനകളിൽ ഉപയോഗ ശൂന്യമായ 11756 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ പരിശോധന നടത്തിയത്. 6 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ശനിയാഴ്ച 2866 കിലോ മത്സ്യവും തിങ്കളാഴ്ച 15641 കിലോയും ചൊവ്വാഴ്ച 17018 കിലോയും ബുധനാഴ്ച 7558 കിലോയും വ്യാഴാഴ്ച 7755 കിലോയും വെള്ളിയാഴ്ച 11756 മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 62,594 കിലോ മത്സ്യമാണ് പിടികൂടിയത്. തിരുവനന്തപുരം 17, കൊല്ലം 14, പത്തനംതിട്ട 8, ആലപ്പുഴ 24, കോട്ടയം 2, എറണാകുളം 8, തൃശൂർ 10, പാലക്കാട് 10, മലപ്പുറം 7, കോഴിക്കോട് 7, വയനാട് 2, കണ്ണൂർ 13 കാസർഗോഡ് 4 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തിയത്.

കൊല്ലത്ത് നിന്നും കേടായ 9200 കിലോ മീനും, കോഴിക്കോട് നിന്നും 2485.50 കിലോ മീനും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പും നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് എമ്പാടും പ്രത്യേക സ്‌ക്വാഡ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് എത്തിച്ച മീനുകളാണ് പിടിച്ചെടുത്തതിൽ ഏറെയും. കൂടുതൽ കേസും നടപടികളും ഇതിന്റെ ഭാഗമായും ഉണ്ടാകും.