സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടാന്‍ ക്ഷണം; സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്നത് ഹീനകൃത്യങ്ങൾ;  റിപ്പോര്‍ട്ട് നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍

സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടാന്‍ ക്ഷണം; സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്നത് ഹീനകൃത്യങ്ങൾ; റിപ്പോര്‍ട്ട് നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങൾക്ക് നേരെയും കണ്ണടച്ച് സർക്കാർ.

ഇത്തരം ചൂഷണങ്ങൾ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍, ലൈംഗിക ചൂഷണമുള്‍പ്പെടെ നടക്കുന്നുണ്ടെന്നും പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കാനും ഇതിനായി നിയമനിര്‍മ്മാണം നടത്താനും നിര്‍ദ്ദേശിച്ച്‌ റിപ്പോര്‍ട്ട് നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഡിസംബര്‍ 31നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2017ല്‍ നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പരാതിപ്രകാരമാണ് കമ്മീഷനെ വച്ചത്. ഇന്ത്യയില്‍ ഇത്തരത്തിലൊന്ന് ആദ്യമാണ്. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും രണ്ടു വര്‍ഷമെടുത്തു സമഗ്ര റിപ്പോര്‍ട്ട് കൈമാറാൻ.

നടി പാര്‍വതി തിരുവോത്ത്, സംവിധായിക അഞ്ജലി മേനോന്‍, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് തുടങ്ങിയവരില്‍ നിന്നെല്ലാം കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. സിനിമയില്‍ അവസരം ലഭിക്കാന്‍ കിടക്ക പങ്കിടാനാവശ്യപ്പെടുന്നതായും മറ്റു രീതിയില്‍ ചൂഷണം ചെയ്യുന്നതായും നിരവധി പേരാണ് കമ്മിഷനെ ബോധിപ്പിച്ചത്.

ഇതിന് പിന്‍ബലം നല്‍കുന്ന ഓഡിയോ ക്ലിപ്പുകളും മെസ്സേജുകളും പലരും ഹാജരാക്കി. ഷൂട്ടിംഗ് സ്ഥലത്ത് ടോയ്‌ലെറ്റോ വസ്ത്രം മാറാന്‍ സൗകര്യമോ ഉണ്ടാകാറില്ല. ഇത് ചോദിച്ചാല്‍ മോശമായി പ്രതികരിക്കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ചലച്ചിത്രരംഗത്ത് വനിതകള്‍ ലിംഗപരവും തൊഴില്‍പരവുമായ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്ന നിഗമനത്തില്‍ കമ്മീഷന്‍ എത്തിയത്.

ജസ്റ്റിസ് ഹേമയെക്കൂടാതെ നടി ശാരദ, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരുള്‍പ്പെട്ടതാണ് കമ്മീഷന്‍. നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച്‌ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ അടുത്തിടെ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ഉണര്‍ന്നിട്ടുണ്ട്.

ശുപാര്‍ശകള്‍ പരിശോധിക്കാന്‍ ചലച്ചിത്ര അക്കാഡമി സെക്രട്ടറി, സാംസ്കാരിക, നിയമ വകുപ്പുകളിലെ അണ്ടര്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തിയിരിക്കയാണ്. അതേസമയം, സുപ്രധാനമായ വിഷയം പരിശോധിക്കാന്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് ഗൗരവം കുറച്ചുകാണലാണെന്ന ആക്ഷേപവുമുയരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക പീഡനങ്ങള്‍ തടയല്‍ നിയമം (പോഷ് ആക്‌ട്) ഫലപ്രദമായി നടപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടിലെ സുപ്രധാന ശുപാര്‍ശകളടക്കം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സ്ഫോടനാത്മക വെളിപ്പെടുത്തലുകള്‍ സിനിമാരംഗത്തെ പിടിച്ചുലയ്ക്കുമെന്നതിനാലാണ് റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്.