മല്ലികാ വസന്തം @ 50 ; വെള്ളിത്തിരയിലെ അമ്പതു വര്‍ഷങ്ങള്‍ ; സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഒത്തുചേരൽ ഇന്ന് ; ഉത്തരായനത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്നും തുടരുന്ന ഈ ജൈത്രയാത്ര ആഘോഷിക്കാനൊരുങ്ങി മല്ലിക സുകുമാരന്‍

മല്ലികാ വസന്തം @ 50 ; വെള്ളിത്തിരയിലെ അമ്പതു വര്‍ഷങ്ങള്‍ ; സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഒത്തുചേരൽ ഇന്ന് ; ഉത്തരായനത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്നും തുടരുന്ന ഈ ജൈത്രയാത്ര ആഘോഷിക്കാനൊരുങ്ങി മല്ലിക സുകുമാരന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളിത്തിരയില്‍ അമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മല്ലിക സുകുമാരന്‍. 1974ല്‍ ഉത്തരായനം എന്ന അരവിന്ദൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മല്ലിക, കാലഘട്ടത്തിനൊത്ത് സഞ്ചരിച്ച്‌, പ്രായത്തിനൊത്ത വേഷങ്ങള്‍ തിരഞ്ഞെടുത്ത് പ്രേക്ഷകപ്രീതി നേടിയാണ് 2024ലും കളംനിറഞ്ഞ് നില്‍ക്കുന്നത്.

ഈ ജൈത്രയാത്ര ആഘോഷിക്കാനാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ഇന്ന് ഒത്തുചേരുന്നത്. മല്ലികാ വസന്തം @ 50 എന്ന പേരില്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ വൈകിട്ട് മൂന്നരയ്ക്കാണ് പരിപാടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടി എന്നതിനൊപ്പം മലയാള സിനിമയുടെ ഭാഗധേയമായി മാറിയ രണ്ട് നടന്മാരുടെ അമ്മ എന്ന നിലയിലും കൂടി മല്ലിക ആദരിക്കപ്പെടുന്നുണ്ട്. സിനിമയില്‍ ഉടലെടുത്ത തർക്കങ്ങളെ തുടർന്ന്, സൂപ്പർ – മെഗാ താരങ്ങള്‍ പോലും എതിർപക്ഷത്തായിട്ടും, 2000ൻ്റെ ആദ്യപകുതിയില്‍ സിനിമയിലെത്തിയ പ്രഥ്വിരാജിനെ ചങ്കൂറ്റത്തോടെ നയിച്ച്‌ ഇന്നത്തെ താരപദവിയിലേക്ക് എത്തിച്ചതിൻ്റെ ക്രെഡിറ്റ് ഈ അമ്മക്ക് കൂടി അവകാശപ്പെട്ടതാണ്.

‘ഫ്രണ്ട്‌സ് ആൻഡ് ഫോസ്’ എന്ന വാട്‌സാപ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രി പി.രാജീവ് ഉദ്ഘാടനം, ജി.ആർ.അനില്‍ അധ്യക്ഷൻ. മല്ലിക സുകുമാരനെ സുരേഷ് ഗോപി പൊന്നാട അണിയിക്കും. സംവിധായകൻ ഷാജി എൻ.കരുണ്‍ ഉപഹാരം നല്‍കും. മുഖ്യാതിഥി പന്ന്യൻ രവീന്ദ്രൻ. ഡോ എം.വി.പിള്ള, ബിജു പ്രഭാകർ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, എം.ജയചന്ദ്രൻ, ജി.സുരേഷ് കുമാർ, മേനക, ഷാജി കൈലാസ്, ആനി, മജീഷ്യൻ സാമ്രാജ്, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കും.