സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിടണമെന്ന് സഭാ അധികൃതർ: നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി

സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിടണമെന്ന് സഭാ അധികൃതർ: നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിടണമെന്ന കർശന നിലപാടുമായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി). മകളെ തിരിച്ച്‌ കൊണ്ടു പോകണമെന്ന് സിസ്റ്റര്‍ ലൂസിയുടെ അമ്മയ്ക്ക് മഠത്തില്‍ നിന്ന് കത്തയച്ചു. സിസ്റ്റര്‍ ലൂസിയ്ക്ക് ഒരു വിധത്തിലുള്ള പരിഗണനയും കൊടുക്കില്ലെന്നാണ് സഭ അറിയിച്ചിരിക്കുന്നത്.

എന്നാൽ തന്നെ മഠത്തില്‍ നിന്ന് ഇറക്കിവിടാനുള്ള സഭയുടെ തീരുമാനം നിയമപരമായി നേരിടുമെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ നിലപാട്. സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അതുകൊണ്ട് തന്നെ മഠത്തില്‍ നിന്ന് തന്നെ നിര്‍ബന്ധിച്ച്‌ ഇറക്കിവിടാന്‍ സാധിക്കില്ലെന്നും ലൂസി കളപ്പുര പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു. കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‍ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.