ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച ബാലകൃഷ്ണനെ പരിഹസിച്ച് ഉണ്ണിത്താൻ; ‘വിവാഹസത്കാര’ വിവാദം അന്വേഷിക്കാൻ കെ.പി.സി.സി; രാഷ്ട്രീയകാര്യസമിതിയിലെ ഒരംഗമുള്‍പ്പെടെയുള്ള സമിതിയാകും അന്വേഷിക്കുക
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസത്‌കാരത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതും തുടർന്നുണ്ടായ ഫെയ്‌സ്ബുക്ക് പോസ്റ്റുകളെയും കുറിച്ച് കെ.പി.സി.സി. അന്വേഷിക്കും.
രാഷ്ട്രീയകാര്യസമിതിയിലെ ഒരംഗമുള്‍പ്പെടെയുള്ള സമിതിയാകും അന്വേഷിക്കുകയെന്ന സൂചനയുമുണ്ട്.
നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് തയ്യാറാക്കിയ സമഗ്ര റിപ്പോർട്ട് കെ.പി.സി.സി.ക്ക് കൈമാറിയെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ 13-ാം പ്രതി എൻ. ബാലകൃഷ്ണന്റെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത പുല്ലൂർ-പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പല നേതാക്കളും സത്കാരത്തില്‍ പങ്കെടുത്തുവെന്ന പ്രമോദ് പെരിയയുടെ ആരോപണത്തിനു പിന്നാലെ അവർ എത്ര ഉന്നതനായാലും കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റിട്ടു.
ഇതിന് മറുപടിയെന്നോണം കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉണ്ണിത്താനെതിരേ പോസ്റ്റിട്ടു. ഞായറാഴ്ചയാണ് ബാലകൃഷ്ണൻ പോസ്റ്റിട്ടത്. രാത്രിയോടെ ഇതു പിൻവലിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയാള്ളവർ വിളിച്ചതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. തിങ്കളാഴ്ച പത്രസമ്മേളനം നടത്തി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാല്‍ പത്രസമ്മേളനം നടത്തിയില്ല. നേതൃത്വം ഇടപെടുകയും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പത്രസമ്മേളനം ഒഴിവാക്കിയതെന്ന് ബാലകൃഷ്ണൻ പറഞ്ഞു.