Spread the love

രണ്ടാം വിവാഹം കഴിക്കുന്നതിനെ എതിർത്ത അവിവാഹിതനായ മകനെ വെടിവെച്ചു കൊന്ന് അറുപതുകാരൻ ജീവനൊടുക്കി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. അത്താഴത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് വിരമിച്ച സൈനികനായ സുരീന്ദർ സിംഗ് തന്റെ മകനായ ഗുർഷരൺ സിംഗിനെ (40)തെരുവിലിട്ട് വെടിവെച്ചുകൊന്ന ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്. വർഷങ്ങൾക്ക് മുമ്പ് ഭാര്യ മരിച്ച സുരീന്ദർ രണ്ടാമത് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ മകൻ ഇതിനെ എതിർത്തതാണ് തർക്കത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നു.

video
play-sharp-fill

സുരീന്ദറും അവിവാഹിതനായ മകനും ഒരുമിച്ചായിരുന്നു താമസം. ഇവരുടെ രണ്ട് പെൺമക്കൾ വിദേശത്താണ്. അത്താഴത്തിനിടയിൽ തർക്കം രൂക്ഷമായതോടെ സുരീന്ദർ തന്റെ കൈവശമുണ്ടായിരുന്ന ഇരട്ടക്കുഴൽ തോക്കെടുത്ത് മകന് നേരെ വെടിയുതിർത്തു. ആദ്യം വെടി ലക്ഷ്യം തെറ്റിയതേടെ ജീവൻ രക്ഷിക്കാനായി മകൻ തെരുവിലേക്ക് ഓടി. എന്നാൽ സുരീന്ദർ മകനെ പിന്തുടർന്ന് ചെന്ന് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ് രക്തത്തിൽ കുളിച്ച മകനെ വഴിയിൽ ഉപേക്ഷിച്ച് വീട്ടിലെത്തിയ സുരീന്ദർ അകത്തുനിന്നും വാതിലടച്ച് വിഷം കഴിച്ചു. റോഡിൽ പരിക്കേറ്റ് കിടന്ന ഗുർഷരണിനെ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.

പോലീസെത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ സുരീന്ദറിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. സംഭവസമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായും സ്ഥിരമായി ഇവർക്കിടയിൽ വഴക്കുണ്ടാകാറുണ്ടെന്നും അയൽവാസികൾ മൊഴി നൽകി. മകനെ കൊലപ്പെടുത്തിയതിന് സുരീന്ദറിനെതിരെ പോലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group