
തിരുവനന്തപുരം: കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനത്തെ ചുറ്റിപ്പറ്റിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടെ വിശദീകരണവുമായി സിപിഐഎം നേതാവ് പി. ജയരാജൻ രംഗത്ത്. കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യാദൃശ്ചികമായി കൊടുങ്ങല്ലൂരില്‍ ഇറങ്ങിയതെന്നും, വായനയിലൂടെ പരിചിതമായിരുന്ന കൊടുങ്ങല്ലൂര്‍ കാവിനെ നേരില്‍ കാണണമെന്ന ആഗ്രഹമാണ് സന്ദര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് നിഷിദ്ധമല്ലെന്നും, ചരിത്രത്തെയും സമൂഹത്തെയും മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിലെത്തിയതെന്നും ജയരാജന്‍ പറഞ്ഞു. ക്ഷേത്ര സന്ദര്‍ശനം ചൂണ്ടിക്കാട്ടി താന്‍ “ഭക്തനായി മാറി” എന്ന് പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്തിയെയും ആരാധനാലയങ്ങളെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ആര്‍എസ്‌എസ് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് താനെന്നും, തന്റെ പ്രസംഗങ്ങളിലും രചനകളിലും ജീവിതാനുഭവങ്ങളിലും അതിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഈ നാടിന്റെ സാമൂഹ്യചരിത്രം പൂര്‍ണമായി പഠിക്കാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







