ക്ഷീരകർഷക കുടുംബത്തിന് കൊവിഡ്: പശുക്കൾ പട്ടിണിയാകാതിരിക്കാൻ പഞ്ചായത്തംഗം പുല്ലു ചെത്താനിറങ്ങി; പശുക്കൾക്കു വേണ്ടി പഞ്ചായത്തംഗമിറങ്ങിയത് പനച്ചിക്കാട്ട്

ക്ഷീരകർഷക കുടുംബത്തിന് കൊവിഡ്: പശുക്കൾ പട്ടിണിയാകാതിരിക്കാൻ പഞ്ചായത്തംഗം പുല്ലു ചെത്താനിറങ്ങി; പശുക്കൾക്കു വേണ്ടി പഞ്ചായത്തംഗമിറങ്ങിയത് പനച്ചിക്കാട്ട്

തേർഡ് ഐ ബ്യൂറോ

കുഴിമറ്റം: കൊവിഡ് ബാധിതരായ ക്ഷീരകർഷകരുടെ പശുക്കളെ സംരക്ഷിക്കുവാൻ പഞ്ചായത്തംഗവും വാർഡ്തല കോവിഡ് ജാഗ്രതാ സമിതി അംഗങ്ങളും മുന്നിട്ടിറങ്ങി. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡിലെ പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ റോയിമാത്യുവിന്റെ നേതൃത്വത്തിലാണ് ക്ഷീരകർഷകർക്കു സഹായമെത്തിക്കുന്നത്.

പശുവളർത്തി ഉപജീവനം നടത്തുന്ന സ്‌കൂളിനു സമീപത്തെ ഒരു വീട്ടിലെ ഗൃഹനാഥനും ഭാര്യയും മകനും കൊവിഡ് ബാധിതരായി. ശാരീരിക അസ്വസ്ഥകൾ ഉണ്ടായ ഇവരെ ആശുപത്രിയിൽ എത്തിക്കുവാൻ വാഹനവുമായി എത്തിയപ്പോഴാണ് നാലു പശുക്കളുടെ കാര്യം കഷ്ടത്തിലാവുമല്ലോയെന്ന് പഞ്ചായത്തംഗത്തോട് ഗൃഹനാഥൻ പരിഭവം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചശേഷം വാർഡ്തല സമിതി അംഗങ്ങളോടൊപ്പം മറ്റൊരു പുരയിടത്തിലിറങ്ങി പുല്ലു ചെത്തി കൂട്ടുകയും തലച്ചുമടായി വീട്ടിലെത്തിക്കുകയും ചെയ്തു. പാറക്കുളം പാൽസൊസൈറ്റിയിൽ നിന്നും വില കൊടുത്തു വാങ്ങിയ കാലിത്തീറ്റയും സൗജന്യമായി നൽകി. കുടുംബാംഗങ്ങൾക്ക് വേണ്ടി ഭക്ഷ്യധാന്യക്കിറ്റും സൗജന്യമായി എത്തിച്ചു.

വീട്ടുകാർ ക്വാറന്റീനിലായ രണ്ടു പശുക്കളുള്ള മറ്റൊരു വീടുൾപ്പെടെ ഈ രണ്ടു വീടുകളിലും മൂന്നു ദിവസം കൂടുമ്പോൾ വീതം സമിതി അംഗങ്ങൾ പുല്ലെത്തിച്ചുവരികയാണ്. മുൻ പഞ്ചായത്തംഗം പിഎം ഗീതാകുമാരി, പാറപ്പുറം അങ്കണവാടി അദ്ധ്യാപിക പി എസ് സുപ്രഭാദേവി, ഇളങ്കാവ് വിദ്യാമന്ദിർ സ്‌കൂളിലെ അദ്ധ്യാപിക സന്ധ്യാമോൾ സോമൻ, ആശാവർക്കർ സാലി, കുടുംബശ്രീ സി ഡി എസ് അംഗം സൗദാമിനി, അജീഷ് ആർ നായർ ,കെ ജോമോൻ, ജസ്റ്റിൻ പോൾ എന്നീ സമിതിയംഗങ്ങളാണ് പശുക്കളുടെ വിശപ്പടക്കാൻ പഞ്ചായത്തംഗത്തോടൊപ്പം ചേർന്ന് നാടിനു മാതൃകയായത്.