വാഹനങ്ങളുടെ എഞ്ചിനുകളും ബാറ്ററികളും മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് പട്ടാളം സുജേഷ് കോട്ടയം വെസ്റ്റ് പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: നിരവധി മോഷണ കേസുകളിലെ പ്രതിയായ ചെങ്ങന്നൂർ ഇരമല്ലിക്കര ഓതറേത്ത് വീട്ടിൽ സുജേഷ് കുമാർ (പട്ടാളം സുജേഷ് 42) നെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം പോലീസ് സംഘം രാത്രിയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ പള്ളിപ്പുറത്ത് കാവിന് സമീപം വച്ച് ഇയാളെ വിവിധ വാഹനങ്ങളുടെ എഞ്ചിനുകളുടെ ഭാഗങ്ങളും, ബാറ്ററികളുമായി സംശയാസ്പദമായ രീതിയിൽ കാണുകയും തുടർന്ന് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ ഇത് മോഷ്ടിച്ചതാണെന്ന് പോലീസിനോട് പറയുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് പട്ടാളത്തിൽ ജോലിചെയ്ത് വന്നിരുന്ന സുജേഷിനെ സേനയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ നിരവധി മോഷണങ്ങൾ നടത്തിയതിനെ തുടർന്നാണ് ഇയാൾ പട്ടാളം സുജേഷ് എന്നറിയപ്പെടുന്നത്.
ഇയാൾക്ക് തിരുവനന്തപുരം വിതുര,ആലപ്പുഴ നോർത്ത്, സൗത്ത്, തിരുവല്ല, കോട്ടയം, ചങ്ങനാശ്ശേരി, ചിങ്ങവനം, പത്തനംതിട്ട, അടൂർ, ഉപ്പുതറ എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ, എസ്.ഐ ശ്രീജിത്ത് റ്റി, എസ്.ഐ കുര്യൻ സി.പി.ഓ മാരായ കാനേഷ്, വിജയശങ്കർ, പീയൂഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.