മാർക്ക് തരില്ലെന്നും തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തി വിദ്യാർത്ഥികളെ കൊണ്ട് പരാതിയിൽ ഒപ്പുവെപ്പിച്ചു; അധ്യാപകനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കിയത് രണ്ട് അധ്യാപികമാര്‍; അന്വേഷണത്തില്‍ വ്യക്തമാകുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; അധ്യാപികമാർക്കെതിരെയും സ്‌കൂള്‍ കൗണ്‍സിലർക്കെതിരെയും അന്വേഷണം
കാസർകോട്: അദ്ധ്യാപകനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കിയെന്ന ആരോപണം നേരിടുന്ന രണ്ട് അദ്ധ്യാപികമാർക്കെതിരെയും ഒരു സ്‌കൂള്‍ കൗണ്‍സിലർക്കെതിരെയും പൊലീസ് അന്വേഷണം തുടങ്ങി.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്‌കൂളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപികമാർക്കെതിരെയാണ് അന്വേഷണം.
അദ്ധ്യാപകനെതിരെ കുമ്പള പൊലീസ് എടുത്തിരുന്ന പോക്സോ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന്, സസ്‌പെൻഡ് ചെയ്തിരുന്ന അദ്ധ്യാപകനെ കാസർകോട് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ സർവ്വീസില്‍ തിരിച്ചെടുത്തിട്ടുണ്ട്.
പൊലീസില്‍ പോക്‌സോ നിയമ പ്രകാരം പരാതി നല്‍കാൻ ടീച്ചർമാർ നിർബന്ധിച്ചുവെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥിനികളില്‍ ഒരാളുടെ മാതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ധ്യാപകനെ പോക്‌സോ കേസില്‍ അകപ്പെടുത്താൻ ഇതേ സ്‌കൂളിലെ രണ്ട് അദ്ധ്യാപികമാർ പത്താംതരത്തില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ നിർബന്ധിച്ചുവെന്ന് രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും നേരത്തെ ആരോപിച്ചിരുന്നു. പോക്‌സോ പരാതി തയ്യാറാക്കിയ ശേഷം വിദ്യാർത്ഥിനികളെ കൗണ്‍സിലിംഗ് മുറിയിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് പരാതിയില്‍ ഒപ്പിടുവിക്കുകയായിരുന്നു.
എസ്.എസ്.എല്‍.സി മാതൃകാ പരീക്ഷ നടക്കുന്ന സമയത്താണ് കുട്ടികളുടെ ഒപ്പ് വാങ്ങിയത്. ഒപ്പിട്ടില്ലെങ്കില്‍ മാർക്ക് തരില്ലെന്നും തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.
പരാതിയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വിദ്യാർത്ഥിനികള്‍ വായിച്ചു നോക്കിയിരുന്നില്ല. പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്നും ഫോണ്‍ വിളിച്ചപ്പോഴാണ് അദ്ധ്യാപകനെതിരായ പരാതിയിലാണ് തങ്ങള്‍ ഒപ്പിട്ടതെന്ന് കുട്ടികള്‍ മനസ്സിലാക്കിയത്.
ഇതോടെ കുട്ടികള്‍ കടുത്ത മാനസിക സംഘർഷത്തിലായി.
ഇക്കാരണത്താല്‍ ഇവർക്ക് എസ്.എസ്.എല്‍.സി പരീക്ഷ നല്ല രീതിയില്‍ എഴുതാനായില്ലെന്നും ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കി. അദ്ധ്യാപികമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, ചൈല്‍ഡ് ലൈൻ എന്നിവർക്കും പരാതി നല്‍കിയിരുന്നു.