ആലപ്പുഴയിലെ കൃഷി ഓഫീസർ ജിഷമോൾക്ക് കള്ളനോട്ട് നൽകിയ യുവാവ് പിടിയിൽ; ആലപ്പുഴ സ്വദേശിയാണ് പിടിയിലായത്; വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൃഷി ഓഫീസർക്ക് കള്ളനോട്ട് നൽകിയ വിവരം പൊലീസിന് ലഭിച്ചത്
സ്വന്തം ലേഖകൻ
പാലക്കാട്: കൃഷി ഓഫീസർ ജിഷമോൾക്ക് കള്ളനോട്ട് നൽകിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി അജീഷാണ് പിടിയിലായത്. വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അജീഷിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൃഷി ഓഫീസർക്ക് കള്ളനോട്ട് നൽകിയ വിവരം പൊലീസിന് ലഭിച്ചത്.
മാർച്ച് എട്ടാം തീയതിയാണ് കഞ്ചിക്കോട് വാഹനം തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിക്കുകയും വാഹനം തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായത്. ഈ കേസിലാണ് ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അജീഷ് കൃഷി ഓഫീസർക്ക് കള്ളനോട്ട് നൽകിയ കാര്യം പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ പൊലീസ് വാളയാർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ആലപ്പുഴ സ്വദേശികളായ ഷിഫാസ്, വിജിത്, വരന്തരപ്പിളളി സ്വദേശി എരവക്കാട് കണ്ണൻ എന്നിവരാണ് ഇയാളൊപ്പം അറസ്റ്റിലായ മറ്റ് പ്രതികള്‍. അതേസമയം, കള്ളനോട്ട് കേസിൽ അറസ്റ്റിലായ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസർ എം.ജിഷമോളെ സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ജിഷമോളെ അറസ്റ്റ് ചെയ്തത്.
കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകൾ കണ്ട് മാനേജർക്ക് സംശയം തോന്നുകയായിരുന്നു. അന്വേഷണത്തിൽ ജിഷമോളുടെ വീട്ടിലെ ജോലിക്കാരൻ വ്യാപാരിക്ക് നൽകിയ നോട്ടുകളാണ് ഇതെന്ന് കണ്ടെത്തി. തുടർന്ന് ജിഷയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.