play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ   മരണാസന്ന നിലയിൽ അച്ഛന്‍ കിടക്കുനെന്ന് പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് യുവതി;  ഭാര്യയുടെ ചികില്‍സയ്‌ക്കെന്ന് പറഞ്ഞ് കൊട്ടാരക്കരയില്‍  തട്ടിപ്പ് നടത്തി യുവതിയുടെ ഭര്‍ത്താവ്; ശാലിനിയും സുകേഷും  മുക്കുപണ്ട മാഫിയയിലെ കണ്ണികൾ; പണയ തട്ടിപ്പ് തുടര്‍ക്കഥയാകുമ്പോൾ

കോട്ടയം മെഡിക്കൽ കോളേജിൽ മരണാസന്ന നിലയിൽ അച്ഛന്‍ കിടക്കുനെന്ന് പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് യുവതി; ഭാര്യയുടെ ചികില്‍സയ്‌ക്കെന്ന് പറഞ്ഞ് കൊട്ടാരക്കരയില്‍ തട്ടിപ്പ് നടത്തി യുവതിയുടെ ഭര്‍ത്താവ്; ശാലിനിയും സുകേഷും മുക്കുപണ്ട മാഫിയയിലെ കണ്ണികൾ; പണയ തട്ടിപ്പ് തുടര്‍ക്കഥയാകുമ്പോൾ

സ്വന്തം ലേഖകൻ

കോട്ടയം: മുക്കുപണ്ടം പണയം വച്ച യുവതി അറസ്റ്റിലാകുന്നത് സ്ഥാപന ജീവനക്കാരുടെ കരുതലില്‍.

കട്ടപ്പന വലിയാപറമ്പ് ശാലിനി സത്യനെയാണ് (22) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. കേരളത്തില്‍ ഉടനീളം സമാന തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഈ സംഘത്തിലെ കണ്ണിയാണോ ശാലിനി എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ മറ്റൊരിടത്തും ഇത്തരത്തിലെ അറസ്റ്റ് നടന്നിരുന്നു. കോട്ടയം പനമ്പാലത്ത് പ്രവര്‍ത്തിക്കുന്ന ചൈതന്യ ഫിനാന്‍സിലെത്തിയ യുവതി ഒന്നരപ്പവന്റെ മുക്കുപണ്ടം പണയം വച്ച്‌ 40,000 രൂപ വാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ചികിത്സ തേടിയതിനാലാണു സ്വര്‍ണം പണയം വയ്ക്കുന്നതെന്നാണ് യുവതി അറിയിച്ചത്.

സംശയം തോന്നി ജീവനക്കാര്‍ സ്വര്‍ണം പരിശോധിച്ചതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. തിരിച്ചറിയല്‍ രേഖയായി യുവതി ഹാജരാക്കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വ്യാജമാണെന്നു കണ്ടെത്തി. പിന്നീടു പൊലീസിന് കൈമാറുകയായിരുന്നു.

സമാന രീതിയിലായിരുന്നു കൊട്ടരക്കരയിലും തട്ടിപ്പ്. മുക്കുപണ്ടം പണയംവച്ച്‌ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച്‌ പണം തട്ടിയ കേസില്‍ യുവാവാണ് അറസ്റ്റിലായത്. ഏഴംകുളം നെടുമണ്‍ മലയില്‍ ഹൗസില്‍ സുകേഷിനെയാണ് (38) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലെ സൗമ്യ ഫിനാന്‍സിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഭാര്യയെ സുഖമില്ലാതെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണെന്നും അടിയന്തര സര്‍ജറിക്കായി 60000 രൂപ വേണമെന്നും പറഞ്ഞാണ് ഏപ്രില്‍ 25ന് ഇയാള്‍ പണ്ടങ്ങള്‍ പണയം വച്ചത്. രണ്ടര പവന്റെ വളകള്‍ പണയം വച്ചാണ് 65,000 രൂപ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് പ്രതി കൈക്കലാക്കിയത്.

ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉടമ പിന്നീട് വിശദമായി വളകള്‍ പരിശോധിച്ചപ്പോഴാണ് ഇത് സ്വര്‍ണമല്ലെന്നും മുക്കുപണ്ടമാണെന്നും മനസിലായത്. തുടര്‍ന്ന് ഉടമ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുകേഷ് കൊല്ലം ജില്ലയില്‍ തന്നെയുണ്ടെന്ന് വ്യക്തമായത്.
അറസ്റ്റിലാവുകയും ചെയ്തു.

മുക്കുപണ്ട തട്ടിപ്പില്‍ സ്വകാര്യ ബാങ്കുകള്‍ മുന്‍കരുതല്‍ എടുത്തിരുന്നു. കുറച്ചു ദിവസം മുൻപ് തിരുവനന്തപുരം വെള്ളറടയില്‍ ഒരേദിവസം വ്യത്യസ്ത സമയങ്ങളിലായി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റിലായിരുന്നു. കീളിയോട് തോട്ടത്ത് വിളാകം പുത്തന്‍ വീട്ടില്‍ രാഖി (23) ആണ് പിടിയിലായത്. 1,13000 രൂപയാണ് ഇവര്‍ മുക്കുപണ്ടം പണയം വെച്ച്‌ തട്ടിയത്.

ഫെബ്രുവരി 23 ന് നിലമാമൂട്ടിലെ നന്ദനം ഫിനാന്‍സിലും മാരായമുട്ടം വടകരയ്ക്ക് സമീപത്തുള്ള ഗോപിക ഫിനാന്‍സിലുമാണ് പ്രതികള്‍ മുക്ക്പണ്ടം പണയം വെച്ചത്. കൈവശമുണ്ടായിരുന്ന 916 മുദ്ര പതിപ്പിച്ചതും ഹാള്‍മാര്‍ക്കുമുള്ളതുമായ 18 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയം നല്‍കി 65000 രൂപയും വാങ്ങി ഇവിടെ നിന്ന കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്കാണ് നന്ദനം ഫിനാന്‍സിലെത്തി പ്രതികള്‍ തട്ടിപ്പ് നടത്തിയത് ഇവിടെ 16 ഗ്രാമോളം തൂക്കമുള്ള മുക്കുപണ്ടത്തില്‍ നിര്‍മ്മിച്ച മാല പണയം വെച്ച്‌ 48000 രൂപയാണ് പ്രതികള്‍ തട്ടിയത്. ഈ സാഹചര്യത്തില്‍ വലിയൊരു മാഫിയ ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്.

ആര്‍ക്കും സംശയമുണ്ടാകാത്ത തരത്തില്‍ മുക്കുപണ്ടം ഉണ്ടാക്കുന്ന മാഫിയ സജീവമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരത്തിലേക്ക് അന്വേഷണം നീണ്ടിട്ടില്ല. ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തുന്നതു കൊണ്ട് മാത്രമാണ് ചിലരെങ്കിലും പിടിക്കപ്പെടുന്നത്.