play-sharp-fill
സർക്കാർ ജോലിക്ക് വേണ്ടി വ്യാജ നിയമന ഉത്തരവും രേഖകളും ഉണ്ടാക്കിയ സംഭവം ;  ആർ രാഖിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി , കൈക്കുഞ്ഞുണ്ടെന്നും, പരിചരിക്കാൻ താൻ അടുത്ത് വേണമെന്നുമായിരുന്നു രാഖിയുടെ വാദം ; ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്

സർക്കാർ ജോലിക്ക് വേണ്ടി വ്യാജ നിയമന ഉത്തരവും രേഖകളും ഉണ്ടാക്കിയ സംഭവം ; ആർ രാഖിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി , കൈക്കുഞ്ഞുണ്ടെന്നും, പരിചരിക്കാൻ താൻ അടുത്ത് വേണമെന്നുമായിരുന്നു രാഖിയുടെ വാദം ; ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്

സ്വന്തം ലേഖകൻ 

കൊല്ലം: സർക്കാർ ജോലിക്ക് വേണ്ടി വ്യാജ നിയമന ഉത്തരവും രേഖകളും ഉണ്ടാക്കിയ കേസിൽ അറസ്റ്റിലായ എഴുകോണ്‍ സ്വദേശിനി ആർ രാഖിക്ക് ഇടക്കാല ജാമ്യം. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഖിക്ക് ജാമ്യം അനുവദിച്ചത്.

കൈക്കുഞ്ഞുണ്ടെന്നും, പരിചരിക്കാൻ താൻ അടുത്ത് വേണമെന്നുമായിരുന്നു രാഖി വാദിച്ചത്. ഇത് പരിഗണിച്ചാണ് ജാമ്യം. പി.എസ്.സിയെ കബളിപ്പിക്കാനല്ലെന്നും, കുടുംബത്തെ വിശ്വസിപ്പിക്കാനാണ് താൻ വ്യാജരേഖകൾ ചമച്ചതെന്നുമാണ് രാഖി കോടതിയെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കം എല്ലാം വ്യാജമായി ഉണ്ടാക്കി സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ച രാഖിക്ക് പിഴച്ചത് കളക്ടറുടെ ഒപ്പിലാണ്. റവന്യൂ വകുപ്പിൽ എൽ ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന വ്യാജ ഉത്തരവുമായാണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്.

റവന്യൂ വകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടറാണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത് റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍റെ ഒപ്പായിരുന്നു.

കളക്ടറുടെ ഒപ്പ് ഇല്ലാത്തതിനാൽ സ്വാഭാവികമായുണ്ടായ സംശയമാണ് രാഖിയെ അകത്താക്കിയത്. അങ്ങനൊരു തസ്തികയേ ഇല്ലാത്തതിനാൽ തഹസീൽദാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഒറിജിനലിനെ വെല്ലുന്ന രേഖകളാണ് പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവുമായെത്തിയ രാഖിയുടെ കൈവശം ഉണ്ടായിരുന്നത്. പല റാങ്ക് ലിസിറ്റിലും തന്റെ പേരുണ്ടെന്നായിരുന്നു രാഖി വാദിച്ചിരുന്നത്. രാഖിയുടെ അവകാശവാദം ഇവരുടെ ഭർത്താവ് അടക്കമുള്ളവർ വിശ്വസിച്ചിരുന്നു.

രാഖിയെ പൂര്‍ണമായും വിശ്വസിച്ച റെയിൽവേ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഉദ്യോഗാര്‍ത്ഥിയെ പി എസ്‍ സി ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചുവെന്ന് അറിയിച്ചിരുന്നു.

ഏറെ നേരം ചോദ്യം ചെയ്ത ശേഷമാണ് രാഖി കുറ്റസമ്മതം നടത്തിയത്. മൊബൈൽ ഫോണിന്‍റെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിർമിച്ചതാണെന്ന് പ്രതി സമ്മതിച്ചു. തുടർന്നായിരുന്നു അറസ്റ്റ്.