പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ തട്ടിപ്പ്: ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ മുഖേന വീട്ടമ്മയിൽ നിന്നും 70,000 രൂപ കബളിപ്പിച്ചു, പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുകൾ വഴി സമൂഹമാധ്യമങ്ങളിൽ തട്ടിപ്പ്. ചേർത്തല സ്വദേശിയായ പോലീസ് ഇൻസ്പെക്ടർ അനന്ത ലാലിന്റെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ അയച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം സ്വദേശിനിയായ എസ്.സീമയുടെ 70000 രൂപ തട്ടിയെടുത്തു.
കഴിഞ്ഞ 14നാണു വീട്ടമ്മയ്ക്ക് മെസഞ്ചറിലൂടെ പോലീസ് ഉദ്യോഗസ്ഥന്റേതെന്ന വ്യാജേന സന്ദേശം ലഭിച്ചത്. സിആർപിഎഫിൽ ജോലിയുള്ള സുഹൃത്ത് സുമിത്തിന് പെട്ടെന്ന് ജമ്മുവിലേക്ക് സ്‌ഥലം മാറ്റം കിട്ടിയെന്നും അദ്ദേഹത്തിന്റെ 1,25,000 രൂപ വിലയുള്ള ഫർണിച്ചർ അടിയന്തരമായി വിൽക്കാനുണ്ടെന്നും അടുത്ത പരിചയക്കാർക്ക് 70000 രൂപയ്ക്ക് വിൽക്കുമെന്നുമാണു പറഞ്ഞത്.
പരാതിക്കാരിക്ക് പോലീസ് ഉദ്യോഗസ്‌ഥനെ നേരിട്ട് പരിചയമുള്ളതിനാൽ സന്ദേശം സത്യമാണെന്ന് ധരിച്ച് 70000 രൂപ സന്ദേശത്തിൽ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ പിന്നീട് ഫർണിച്ചർ വീട്ടിലെത്തിക്കാൻ 31,500 രൂപ വാഹന വാടകയിനത്തിൽ അയച്ചു കൊടുക്കണമെന്നു കൂടി പറഞ്ഞതോടെ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരിക്കുന്നതെന്നും സൈബർ സെൽ വഴി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group