വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങള്‍ തട്ടിപ്പ് ;യുവാവ് അറസ്റ്റില്‍: റിട്ട. എസ് പി ഉൾപ്പെടെ വഞ്ചിക്കപ്പെട്ടത് നിരവധി പേർ.
തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ പരിചയം സ്ഥാപിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയെ ആറന്മുള പൊലീസ് പിടികൂടി.മൂന്ന് വര്‍ഷമെടുത്ത് ആസൂത്രിതമായി നടത്തിയ തട്ടിപ്പില്‍ 23 ലക്ഷത്തിലധികം രൂപയാണ് സതീഷ് ജപകുമാര്‍ തട്ടിയെടുത്തത്. ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ തുടങ്ങി തുടര്‍ച്ചയായ ആള്‍മാറാട്ടത്തിലൂടെയായിരുന്നു തട്ടിപ്പ്.
പാറശ്ശാല തച്ചൻവിള സ്വദേശി സതീഷ് ജപകുമാര്‍ വൻ തട്ടിപ്പുകാരനെന്നാണ് ആറന്മുള പൊലീസ് പറയുന്നത്. 2019 ല്‍ വന്ദന കൃഷ്ണയെന്ന വ്യാജ ഫേസ്ബുക്ക് ഐ.ഡിയിലൂടെ കോഴഞ്ചേരി സ്വദേശിയെ പരിചയപ്പെട്ടു. സംസാരശേഷിയില്ലാത്ത സ്ത്രീയെന്നാണ് പരിചയപ്പെടുത്തിയത്. ആ സഹൃദം തുടരുന്നതിനിടെ പെണ്‍കുട്ടിയുടെ അച്ഛനായ റിട്ട. എസ്പി എന്ന പേരില്‍ മറ്റൊരു വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെയും സൗഹൃദം സ്ഥാപിച്ചു. പരാതിക്കാരനായ കോഴഞ്ചേരി സ്വദേശിയുടെ സ്വകാര്യ കോളേജ് മദ്രാസ് സര്‍വകലാശാലയുടെ സ്റ്റഡി സെൻറായി ഉയര്‍ത്താൻ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. പലപ്പോഴായി 23 ലക്ഷം രൂപ വാങ്ങി.
പിന്നീട് സതീഷ് തന്നെ സര്‍വകലാശാല പ്രതിനിധിയായി വേഷംമാറി പത്തനംതിട്ടയില്‍ എത്തി കോളേജില്‍ പരിശോധനയും നടത്തി. എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോഴാണ് സതീഷ് ജപകുമാര്‍ അടിമുടി തട്ടിപ്പുകാരനാണെന്ന് തിരിച്ചറിയുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടെൻറ് എന്ന വ്യാജേന എറണാകുളത്ത് താമസിച്ചുവന്ന പ്രതിയെ അവിടെയത്തിയാണ് പൊലീസ് പൊക്കിയത്. കോഴിക്കോട് ജില്ലയിലും സമാന തട്ടിപ്പുകള്‍ സതീഷ് ജപകുമാര്‍ നടത്തിയിട്ടുണ്ടെന്ന് ആറന്മുള പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group