പനിയും ചുമയുമായി നാലു വയസ്സുകാരൻ ചികിത്സ തേടി ആശുപത്രിയിൽ; ഡോക്ടറുടെ കുറിപ്പ് പ്രകാരം നൽകിയ മരുന്ന് കാലാവധി കഴിഞ്ഞത്; കാലാവധി കഴിഞ്ഞ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത് കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുത്തതിനുശേഷം; പരാതിയുമായി കുടുംബം
തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ നാലു വയസ്സുകാരന് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്.
പെരുമാതുറ സ്വദേശികളായ നാദിയ-സുഹൈല്‍ ദമ്പതികളുടെ നാലു വയസ്സുള്ള മകൻ ഹനാനാണ് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തത്. വെള്ളിയാഴ്ച രാവിലെയാണ് പനിയും ചുമയുമായി പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടി ചികിത്സ തേടി എത്തിയത്.
തുടർന്ന് ഡോക്ടർ നല്കിയ കുറിപ്പുമായി ഫാർമസിയില്‍ എത്തിയപ്പോള്‍ ആന്റിബയോട്ടിക് മരുന്ന് നല്കി. കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുത്തതിനുശേഷമാണ് കാലാവധി കഴിഞ്ഞ വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. 2024 ആഗസ്റ്റ് വരെയാണ് മരുന്നിന്റെ കാലാവധി രേഖപ്പെടുത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി വിവരം പറഞ്ഞു. സംഭവത്തില്‍ വീട്ടുകാർ ജില്ല മെഡിക്കല്‍ ഓഫിസർക്കും ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ തുടങ്ങിയവർക്കും പരാതി നല്‍കിയിട്ടുണ്ട്.