പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലായ് 31 നകം പ്രഖ്യാപിക്കണം: കർശന നിർദേശവുമായി സുപ്രീം കോടതി
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന പരീക്ഷാ ബോർഡുകളോട് സുപ്രീംകോടതി. സിബിഎസ്ഇയ്ക്ക് സമാനമായി വിദ്യാർഥികളുടെ മൂല്യനിർണയത്തിന് ഫോർമുല തയ്യാറാക്കി പത്തുദിവസത്തിനകം സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കഴിഞ്ഞ ആഴ്ച കുട്ടികളുടെ മൂല്യനിർണയം നടത്തുന്നതിന് സിബിഎസ്ഇയും സിഐഎസ്സിഇയും സമർപ്പിച്ച ഫോർമുല സുപ്രീംകോടതി അംഗീകരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാനമായ നിലയിൽ കുട്ടികളുടെ നിലവാരം നിർണയിക്കുന്നതിന് ഫോർമുലയ്ക്ക് രൂപം നൽകാനാണ് സംസ്ഥാന ബോർഡുകളോട് കോടതി നിർദേശിച്ചത്.
പത്തുദിവസത്തിനകം ഫോർമുല തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന ബോർഡുകളോട് സുപ്രീംകോടതി നിർദേശിച്ചു.
സമാനമായ നിലയിൽ സിബിഎസ്ഇ, സിഐഎസ്സിഇ ബോർഡുകളും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ മാസത്തിന്റെ തുടക്കത്തിലാണ് വിദ്യാർഥികളുടെ മൂല്യനിർണയത്തിന് ഫോർമുല തയ്യാറാക്കാൻ സിബിഎസ്ഇയോട് കോടതി നിർദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സിബിഎസ്ഇ മൂല്യനിർണയ ഫോർമുല സമർപ്പിച്ചത്. സിബിഎസ്ഇ പദ്ധതിയിൽ ഇടപെടാൻ ഒരു കാരണവുമില്ല എന്ന് ചൂണ്ടിക്കാട്ടി വിവിധ ഹർജികൾ തള്ളി കൊണ്ടാണ് വിദ്യാർഥികളുടെ മൂല്യനിർണയത്തിനുള്ള ഫോർമുല സുപ്രീംകോടതി അംഗീകരിച്ചത്.
നിലവിൽ രാജ്യത്ത് 21 സംസ്ഥാനങ്ങൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ആറു സംസ്ഥാനങ്ങൾ പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്.