എംബാപ്പെയുടെ പെനാല്‍റ്റി ഗോളിന് റോബര്‍ട്ട് ലെവൻഡോവ്സ്‌കിയുടെ മറുപടി; സമനിലക്കുരുക്കില്‍ പോളണ്ടിന് മടക്കം; യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ അഞ്ച് പോയന്റുമായി ഫ്രാൻസ് പ്രീക്വാര്‍ട്ടറില്‍; നെതര്‍ലൻഡ്സിനെ തകര്‍ത്ത ഓസ്ട്രിയയും മുന്നോട്ട്

എംബാപ്പെയുടെ പെനാല്‍റ്റി ഗോളിന് റോബര്‍ട്ട് ലെവൻഡോവ്സ്‌കിയുടെ മറുപടി; സമനിലക്കുരുക്കില്‍ പോളണ്ടിന് മടക്കം; യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ അഞ്ച് പോയന്റുമായി ഫ്രാൻസ് പ്രീക്വാര്‍ട്ടറില്‍; നെതര്‍ലൻഡ്സിനെ തകര്‍ത്ത ഓസ്ട്രിയയും മുന്നോട്ട്

ഡോർട്ട്മുണ്‍ഡ്: യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന മത്സരത്തില്‍ പോളണ്ടിനോട് സമനില വഴങ്ങിയെങ്കിലും അഞ്ച് പോയന്റോടെ രണ്ടാം സ്ഥാനക്കാരായി ഫ്രാൻസ് പ്രീക്വാർട്ടറില്‍.

നിർണായക മത്സരത്തില്‍ സമനില വഴങ്ങിയ പോളണ്ട് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതർലൻഡ്സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകർത്ത് ഓസ്ട്രിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറില്‍ കടന്നു. മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടറിലെത്തുമെന്നതിനാല്‍ മൂന്ന് കളികളില്‍ നിന്ന് നാല് പോയന്റുള്ള നെതർലൻഡ്സിനും നോക്കൗട്ട് സാധ്യതയുണ്ട്.

രണ്ടു പെനാല്‍റ്റികള്‍ വിധിനിർണയിച്ച ഫ്രാൻസ് – പോളണ്ട് മത്സരത്തില്‍ 56-ാം മിനിറ്റിലെ ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ടീം മുന്നിലെത്തി. 79-ാം മിനിറ്റില്‍ ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്‌കിയിലൂടെ പോളണ്ട് മറുപടി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഫ്രാൻസിന്റെ നോക്കൗട്ട് പ്രവേശനം.

മത്സരത്തിലുടനീളം ഫ്രഞ്ച് മുന്നേറ്റങ്ങളെ പിടിച്ചുനിർത്തിയ പോളണ്ട് പ്രതിരോധത്തിന്റെ മികവും ഗോള്‍കീപ്പർ ലൂക്കാസ് സ്‌കോറപ്സ്‌കിയുടെ പ്രകടനവും ശ്രദ്ധേയമായി. ലോകകപ്പ് റണ്ണറപ്പുകള്‍ക്കൊത്ത പ്രകടനമായിരുന്നില്ല ഫ്രാൻസിന്റേത്. മറുവശത്ത് മികച്ച മുന്നേറ്റങ്ങളിലൂടെ പോളണ്ട് കൈയടി നേടി.