ഏറ്റുമാനൂര്‍ നൂറ്റൊന്നു കവലയില്‍ വാഹനങ്ങളുടെ സര്‍വീസ് സെന്ററില്‍ വൻ തീപിടിത്തം; ആറ് ജീപ്പുകള്‍ കത്തി നശിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ ദൃശ്യങ്ങൾ കാണാം
കോട്ടയം: ഏറ്റുമാനൂർ നൂറ്റൊന്നു കവലയില്‍ വാഹനങ്ങളുടെ സർവീസ് സെന്ററില്‍ വൻ തീപിടിത്തം.
സർവീസിന് എത്തിച്ച ആറു ജീപ്പുകള്‍ കത്തിനശിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് 26 വാഹനങ്ങള്‍ തീയില്‍നിന്ന് സംരക്ഷിക്കാനായി.
ഇന്നലെ രാത്രി 10ന് മൈ മെക്കാനിക് സർവീസ് സെന്ററിലാണ് തീപിടിത്തം ഉണ്ടായത്. ഒരു ജീപ്പിനാണ് ആദ്യം തീപിടിച്ചത്. ഇത് മറ്റു വാഹനങ്ങളിലേക്കും ആളിപ്പടരുക ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദയനാപുരം പഞ്ചായത്ത്, ജലസേചന വകുപ്പ്, തലയോലപ്പറമ്പ് ഗവ. സ്‌കൂള്‍ എന്നിവിടങ്ങളിലെ ജീപ്പുകളും നശിച്ചവയില്‍പ്പെടും. ഇവിടെ വീപ്പയ്ക്കുള്ളില്‍ മാലിന്യം കത്തിക്കാറുണ്ട്. ഇതില്‍നിന്ന് തീപടർന്നതാകാം അപകടത്തിന് കാരണമെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
വീപ്പയുടെ സമീപത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് ആദ്യം തീപിടിച്ചത്. ഇതില്‍നിന്ന് മറ്റു വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. ഏറ്റുമാനൂർ, കിടങ്ങൂർ, പാലാ സ്വദേശികളായ ആറു പേരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
രാത്രി പത്ത് മണിയോടെ തീപടരുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടൻ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാ സേനയുടെ 3 യൂണിറ്റ് എത്തിയാണ് തീയണച്ചത്. കൃത്യസമയത്തെ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്.
സ്റ്റേഷൻ ഓഫിസർ വിഷ്ണു മധു, അസി. സ്റ്റേഷൻ ഓഫിസർമാരായ വി.കെ.അശോക് കുമാർ, കെ.വി.റെജിമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് തീ കെടുത്തിയത്.