play-sharp-fill
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ  സ്വര്‍ണ രുദ്രാക്ഷമാല  നഷ്ടപ്പെട്ടതായി  സ്ഥിരീകരിച്ച് പൊലീസ്;  72 മുത്തുകളുള്ള മാല പകരം വെച്ചത്;  മോഷണത്തിന് പൊലീസ് കേസെടുത്തു

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ച് പൊലീസ്; 72 മുത്തുകളുള്ള മാല പകരം വെച്ചത്; മോഷണത്തിന് പൊലീസ് കേസെടുത്തു

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല പൂര്‍ണമായും മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസ്.

81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷമാലയാണ് ക്ഷേത്രത്തില്‍ നിന്നും നഷ്ടമായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ഉപയോഗിക്കുന്ന 72 മുത്തുള്ള മാല പകരം വച്ചതാണെന്നും ക്ഷേത്രത്തില്‍ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കി.

മാല വിവാദമുണ്ടായ ശേഷമാണ് 72 മുത്തുള്ള മാല രജിസ്റ്ററില്‍ ചേര്‍ത്തതെന്നും പൊലീസ് പറയുന്നു.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തില്‍ നേരത്തെ ആറ് ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാല നഷ്ടപ്പെട്ട വിവരം യഥാസമയം ബോര്‍ഡിനെ അറിയിക്കാത്തതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തത്.
തിരുവാഭരണം കമ്മീഷണര്‍ എസ് അജിത് കുമാര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണര്‍, ഏറ്റുമാനൂര്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, മുന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തിരുന്നത്.

മാല നഷ്ടപ്പെട്ട വിവരം അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലന്‍സ് എസ്പി പി ബിജോയിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡിന്‍റെ നടപടി.

മാല അല്ല 9 മുത്തുകള്‍ മാത്രമാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു തിരുവാഭരണം കമ്മീഷണര്‍ അജിത് കുമാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ട്. ജൂലൈയില്‍ പുതിയ മേല്‍ശാന്തി സ്ഥാനമേറ്റപ്പോഴാണ് 81 രുദ്രാക്ഷ മുത്തുകള്‍ ഉള്ള സ്വര്‍ണം കെട്ടിയ മാല കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടത്.

പകരം ഉണ്ടായിരുന്നത് 72 മുത്തുകള്‍ ഉള്ള മാല ആയിരുന്നു. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മേല്‍ശാന്തിക്കെതിരെ ക്രിമിനല്‍ നടപടിയിലേക്ക് കടക്കാനും ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.താന്‍ ചുമതല ഏറ്റപ്പോള്‍ കിട്ടിയത് 72 മുത്തുകളുള്ള മാല ആയിരുന്നുവെന്നാണ് മുന്‍ മേല്‍ശാന്തി കേശവന്‍ സത്യേശ് പോലീസിന് നല്‍കിയ മൊഴി. മാലയ്ക്ക് വലിപ്പം ഇല്ലാത്തതിനാല്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നില്ല എന്നും മുന്‍ മേല്‍ശാന്തി പറയുന്നു.

മറ്റ് മേല്‍ശാന്തിമാരുടെ കൂടി മൊഴി എടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. 23 ഗ്രാം സ്വര്‍ണ്ണം അടങ്ങിയ മാല കാണാതായെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മോഷണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.