മണ്ഡലകാലത്ത് അന്യസംസ്ഥാനക്കാരായ കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് എരുമേലി പൊലീസ്; മണ്ണ്, മണൽ മാഫിയയുമായും ഉദ്യോഗസ്ഥർക്ക് വഴിവിട്ട ബന്ധം; പിരിവ് പിആർഒ നേരിട്ട്; സ്റ്റേഷൻ ഓഫീസറും പിആർഒയും ചേർന്ന് നടത്തുന്ന പിടിച്ചുപറിയിൽ മനംമടുത്ത് മുപ്പത്തഞ്ചോളം പൊലിസ് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
എരുമേലി: മണ്ഡലകാലത്ത് അന്യസംസ്ഥാനക്കാരായ കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരേയും ഊറ്റിപ്പിഴിഞ്ഞ് എരുമേലി പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാർ ഉണ്ടാക്കിയത് പതിനായിരങ്ങൾ.
കോവിഡുമൂലം സീസൺ കച്ചവടം തകർന്നടിഞ്ഞിട്ടും പിടിച്ച് പറിക്കാരുടെ മനസലിഞ്ഞില്ല. മണ്ണ്, മണൽ മാഫിയയുമായും വഴിവിട്ട ബന്ധമാണ് എരുമേലി സ്റ്റേഷനിലെ പിആർഒ അടക്കം ചുരുക്കം ചില ഉദ്യോഗസ്ഥർക്കുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഷൻ ഓഫീസറും പിആർഒയും ചേർന്ന് നടത്തുന്ന പിരിവ് മൂലം പ്രിൻസിപ്പൽ എസ് ഐയും, ഗ്രേഡ് എസ് ഐമാരുമടക്കം മുപ്പത്തഞ്ചോളം പൊലിസുകാർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ്.
മുണ്ടക്കയം സ്റ്റേഷനിൽ വ്യാപക കൈക്കൂലിയെന്ന് തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് രണ്ട് മാസം തികയും മുൻപാണ് സി.ഐ. ഷിബുകുമാർ വിജിലൻസ് പിടിയിലായത്. മുണ്ടക്കയത്തേതിന് സമാനമായ അവസ്ഥയാണ് ഇപ്പോൾ എരുമേലിയിലുള്ളത്. അഴിമതി രഹിതരായ സി ഐ യും എസ് ഐയും ചുമതലയേറ്റതോടെ പിടിച്ചുപറിയും കൊള്ളയും അവസാനിച്ച് ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്റ്റേഷനായി മുണ്ടക്കയം പൊലീസ് സ്റ്റേഷൻ മാറി.
അഴിമതി ആരോപണത്തിന് വിധേയരായ എരുമേലിയിലെ പൊലീസ് ഉദ്യോഗസ്ഥർ ഇൻറലിജൻസ് വിഭാഗത്തിൻെറ നിരീക്ഷണത്തിലാണ്.
ക്രിമിനൽവൽകരണത്തേക്കാൾ ഗുരുതരമായ അവസ്ഥയിലേക്ക് പൊലീസിലെ അഴിമതി നീങ്ങുന്നുവെന്ന വിലയിരുത്തലിലാണ് മുൻ ഇൻറലിജൻസ് മേധാവിയുടെ നിർദേശാനുസരണം സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ച് തുടങ്ങിയത്. ഇതുസംബന്ധിച്ച ചില റിപ്പോർട്ടുകൾ ആഭ്യന്തരവകുപ്പിന് സമർപ്പിക്കുകയുംചെയ്തിരുന്നു.
പണത്തിന് പുറമെ പെട്രോളും ഡീസലും വിമാനയാത്രാടിക്കറ്റും ഉൾപ്പെടെ പാരിതോഷികമായി വാങ്ങുന്നവർ സേനയിലുണ്ട്. അടുത്തിടെ തലസ്ഥാന ജില്ലയിലെ രണ്ട് ഡിവൈ.എസ്.പിമാർക്കുണ്ടായ സ്ഥാനചലനവും കൊല്ലത്തെ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയുടെ സ്ഥാനചലനവും ഇൻറലിജൻസ് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു. ചില ഉദ്യോഗസ്ഥർ ബ്ളേഡ് മാഫിയയിലെ കണ്ണികളായി പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടും ഇൻറലിജൻസിൻെറ പക്കലുണ്ട്.
ഓരോ ജില്ലയിലേയും ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള നിർദ്ദേശമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് നൽകിയിരുന്നത്.