എരുമേലിയില്‍ കനകപ്പലം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശടി കുത്തിത്തുറന്ന് മോഷണം ; മോഷ്ടാവ് വിരുതനെ തിരിച്ചറിഞ്ഞപ്പോൾ പ്രതി മറ്റൊരു കേസിൽ ജയിലിലും
സ്വന്തം ലേഖകൻ
എരുമേലി: പള്ളിയുടെ കുരിശടിയില്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിച്ചത് അറിഞ്ഞത് ആഴ്ചകള്‍ക്കു ശേഷം. തുടര്‍ന്ന് സിസി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തിയപ്പോള്‍ പ്രതി മറ്റൊരു കേസില്‍പ്പെട്ട് ജയിലില്‍. മോഷണം നടത്തിയ ശേഷം നേര്‍ച്ചപ്പെട്ടി അതേപടി മോഷ്ടാവ് പുനഃസ്ഥാപിച്ചതുകൊണ്ടാണ് മോഷണം നടന്നത് അറിയാതിരുന്നത്.
മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന ആളാണ് മോഷണം നടത്തിയത്. അതേസമയം ഇയാള്‍ മോഷണത്തിനു ശേഷം മോഷണം നടത്തിയത് ആരും അറിയാത്ത വിധം നേര്‍ച്ചപ്പെട്ടി പുനഃസ്ഥാപിച്ചത് പോലീസിനെയും അദ്‌ഭുതപ്പെടുത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലിയില്‍ കനകപ്പലം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. കഴിഞ്ഞ മാസം 24നാണ് മോഷണം നടത്തിയതെന്ന് സിസി കാമറ ദൃശ്യങ്ങളില്‍നിന്നു കണ്ടെത്തി.
ശ്രീനിപുരം സ്വദേശി രാജീവാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍നിന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കഴിഞ്ഞ ദിവസം എരുമേലി പോലീസ് അടിപിടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നതാണ്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സബ് ജയിലില്‍ റിമാൻഡില്‍ വിട്ടിരുന്നു.
കഴിഞ്ഞ ദിവസം കുരിശടി പെയിന്‍റ് ചെയ്യാൻ വൃത്തിയാക്കുമ്പോളാണ് മോഷണം നടന്നതായി സംശയം തോന്നിയതെന്ന് പള്ളി പരിപാലന ഭാരവാഹികളും വാര്‍ഡ് അംഗം സുനില്‍ ചെറിയാനും പറഞ്ഞു. തുടര്‍ന്ന് സിസി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസിന് കൈമാറി പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ പോലീസും ഫോറൻസിക് വിഭാഗവും എത്തി തെളിവെടുപ്പ് നടത്തി. റിമാൻഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എരുമേലി എസ്‌ഐമാരായ ശാന്തി ബാബു, അബ്ദുള്‍ അസീസ് എന്നിവര്‍ പറഞ്ഞു. ഇരുപതിനായിരത്തോളം രൂപ മോഷണം പോയെന്ന് പരാതിയില്‍ ഭാരവാഹികള്‍ അറിയിച്ചു.