play-sharp-fill
സംസ്ഥാന കമ്മിറ്റിയില്‍ പൊളിച്ചെഴുത്ത്; ഇരുപതോളം പുതുമുഖങ്ങള്‍ വരും, വനിതാ പ്രാതിനിധ്യവും കൂടും

സംസ്ഥാന കമ്മിറ്റിയില്‍ പൊളിച്ചെഴുത്ത്; ഇരുപതോളം പുതുമുഖങ്ങള്‍ വരും, വനിതാ പ്രാതിനിധ്യവും കൂടും

സ്വന്തം ലേഖിക
കൊച്ചി: കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതുന്ന നവകേരള നയരേഖയുടെ പേരില്‍ ചരിത്രമായി മാറുന്ന എറണാകുളം സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍, പാര്‍ട്ടി നേതൃനിരയിലേക്ക് ഒട്ടേറെ പുതുമുഖങ്ങള്‍ വന്നേക്കും. സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും പുതുമുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. സംസ്ഥാന സമിതി തിരഞ്ഞെടുപ്പിനൊപ്പം സെക്രട്ടേറിയേറ്റും ഇന്ന് രൂപീകരിച്ചേക്കും. പാര്‍ട്ടി കമ്മറ്റികളിലെ പ്രായപരിധി 75 വയസായി കേന്ദ്ര കമ്മറ്റി നിശ്ചയിച്ചതിന് പിന്നാലെ മുതിര്‍ന്ന അംഗങ്ങളില്‍ പലരുടേയും നേതൃനിരയില്‍ നിന്നുള്ള വിടവാങ്ങലിനും സമ്മേളനം സാക്ഷ്യം വഹിക്കും. ഇവരടക്കം ഇരുപതോളം നേതാക്കള്‍ ഒഴിവായേക്കും.

എണ്‍പത്തെട്ടംഗ സംസ്ഥാന കമ്മിറ്റിയില്‍ പ്രായവും പ്രവര്‍ത്തനമികവും മാനദണ്ഡമാക്കി ചിലരെ മാറ്റും. 12 മുതല്‍ 20 വരെ പുതുമുഖങ്ങളെ സംസ്ഥാന കമ്മിറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റ് എ.എ. റഹിം, സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടറി വി.കെ. സനോജ്, എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് വി.പി. സാനു, സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍. സുകന്യ തുടങ്ങിയവര്‍ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

പുതിയ ജില്ലാ സെക്രട്ടറിമാരായ എം.വി. റസല്‍ (കോട്ടയം), ഇ.എന്‍. സുരേഷ് ബാബു (പാലക്കാട്) സി.വി. വര്‍ഗീസ് (ഇടുക്കി), എം.എം. വര്‍ഗീസ് (തൃശ്ശൂര്‍) എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. എന്‍.ചന്ദ്രന്‍, വത്സന്‍ പനോളി, പി.പി.ചിത്തരഞ്ജന്‍, യു.പി.ജോസഫ്, എ.എം ആരിഫ്, ഒ.ആര്‍ കേളു, വി.കെ.സനോജ്, പി.ആര്‍. മുരളീധരന്‍, കെ.എന്‍. ഗോപിനാഥ്, സി. ജയന്‍ ബാബു, ആര്‍. ബിന്ദു, കെ.കെ.ലതിക, കാനത്തില്‍ ജമീല, എസ്. സതീഷ്, കെ.എസ്.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സാധ്യതാ പട്ടികയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

75 വയസ് കര്‍ശനമായി നടപ്പാക്കിയാല്‍ ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, എം.എം. മണി, കെ.ജെ. തോമസ്, വൈക്കം വിശ്വന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, സി.പി.നാരായണന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള, ജി.സുധാകരന്‍, എം.ചന്ദ്രന്‍, കെ.വി.രാമകൃഷ്ണന്‍, പി.പി.വാസുദേവന്‍, കെ.പി.സഹദേവന്‍ എന്നിവരെ നേതൃനിരയില്‍ നിന്ന് ഒഴിവാക്കിയേക്കും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ ഒഴിവ് നല്‍കുന്ന സാഹര്യത്തില്‍ മറ്റ് ചിലര്‍ക്ക് കൂടി നല്‍കാനുള്ള സാധ്യതയുണ്ട്.

സംസ്ഥാനസമിതിയില്‍ സ്ത്രീപ്രാതിനിധ്യം കൂട്ടാനും സി.പി.എം. തയ്യാറായേക്കും. സംസ്ഥാനസമിതിയില്‍ 10 ശതമാനം വനിതകള്‍ വേണമെന്നതാണ് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ സാധ്യതയുണ്ട്. 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എം.സി. ജോസഫൈന്‍ എന്നിവരാണ് വനിതാ അംഗങ്ങളായിട്ടുള്ളത്. ഇതില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാനിടയില്ല. പക്ഷേ, പാര്‍ട്ടി സെന്ററിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തി പ്രധാനചുമതല വനിതകള്‍ക്ക് നല്‍കുന്ന കാര്യം പരിഗണിച്ചേക്കും.

മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍. വാസവന്‍, മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.സി.മൊയ്തീന്‍, എം.വിജയകുമാര്‍, പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍, പി.ജയരാജന്‍, കെ.പി. സതീഷ് ചന്ദ്രന്‍, എം.വി.ജയരാജന്‍, എ. പ്രദീപ് കുമാര്‍, എം. സ്വരാജ് എന്നിവരുടെ പേരുകള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. കെ.കെ.ശൈലജ, ജെ.മേഴ്‌സിക്കുട്ടിയമ്മ, സി.എസ്. സുജാത എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, എം.എം. മണി, കെ.ജെ. തോമസ് എന്നിവരെ ഒഴിവാക്കാനാണ് സാധ്യത.