എന്താണ് അപസ്മാരം? രോഗത്തിനു പിന്നിലെ കാരണങ്ങളും പരിഹാരങ്ങളും ; അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

എന്താണ് അപസ്മാരം? രോഗത്തിനു പിന്നിലെ കാരണങ്ങളും പരിഹാരങ്ങളും ; അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ

കൊച്ചി:അപസ്മാരം അഥവാ ചുഴലി (Epilepsy) വളരെ സാധാരണയായി കണ്ടുവരുന്ന ഒരു മസ്തിഷ്‌കരോഗമാണ്. മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് അപസ്മാരത്തിന് കാരണം.
അപസ്മാരത്തെ ഫോക്കല്‍ എന്നും ജനറലൈസ്ഡ് എന്നും വൈദ്യശാസ്ത്രം തരംതിരിക്കുന്നു. മസ്തിഷ്‌കത്തിന്റെ ഏതു ഭാഗത്തുനിന്നാണ് ആരംഭിക്കുന്നത് എന്നതിന് അനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

സ്ത്രീ പുരുഷ ഭേദമില്ലാതെ, ഏതു പ്രായപരിധിയിലുള്ളവരെയും അപസ്മാരം ബാധിക്കാം. കുട്ടികളേയും ബാധിക്കുന്നു. നല്ലൊരു പങ്ക് രോഗികളിലും അപസ്മാരത്തിന്റെ തുടക്കം ഇരുപത് വയസ്സിനു മുന്‍പാണെന്നും പരിശോധകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വളരെ പഴക്കമേറിയ അസുഖങ്ങളിലൊന്നായാണ് വൈദ്യശാസ്ത്രം അപസ്മാരത്തെ കണക്കാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലച്ചോറിനുള്ളില്‍ പ്രത്യക്ഷപ്പെടുന്ന അസാധരണമായ ചില ഇലക്‌ട്രികല്‍ തരംഗങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. ഈ വൈദ്യുത തരംഗങ്ങള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏതു പ്രവര്‍ത്തനത്തെയും അപസ്മാരം സ്വാധീനിക്കും. ഉത്ഭവ കേന്ദ്രം ഒന്നായതിനാല്‍ രോഗലക്ഷണങ്ങള്‍ ഓരോ ഘട്ടത്തിലും ഒരേപോലെയിരിക്കും.

അപസ്മാര രോഗികള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടത് ആവശ്യമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുക, ഏഴ് ഏഴര മണിക്കൂറെങ്കിലും ഉറങ്ങുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങള്‍ പ്രധാനമാണ്. ഉയരമുള്ളിടത്ത് കയറി നിന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. വാഹനമോടിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്. വെള്ളം, തീ എന്നിവയില്‍ നിന്നും സുരക്ഷിത അകലം പാലിക്കുവാന്‍ ശ്രദ്ധിക്കുക.

അപസ്മാര ലക്ഷണങ്ങള്‍

വായില്‍ നിന്നും നുരയും പതയും വരിക, ഭയം, ഉത്കണ്ഠ, അസാധാരണ പെരുമാറ്റം, ചില അനുഭവപ്പെടലുകള്‍, താത്കാലികമായതും ഹ്രസ്വമായതുമായ ആശയക്കുഴപ്പം, കൈകാലുകളുടെയും മുഖത്തിന്റെയും അനിയന്ത്രിതമായ ചലനം, ഇടയ്ക്കിടെയുള്ള ബോധം നഷ്ടപ്പെടല്‍, ശക്തമായ വിറയല്‍, ഉച്ചത്തിലുള്ള അപശബ്ദങ്ങള്‍ മുതലായവയെല്ലാം അപസ്മാര ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.

ഒരാള്‍ക്ക് വല്ലപ്പോഴും ഒരിക്കല്‍ ഈ ലക്ഷണങ്ങള്‍ കാണപ്പെട്ടു എന്നതുകൊണ്ട് തന്നെ ആ വ്യക്തി അപസ്മാര രോഗി ആകണമെന്നില്ല. എന്നാല്‍ അപസ്മാര ലക്ഷണങ്ങളായ കൈകാലുകളുടെ അനിയന്ത്രിത ചലനങ്ങളും മറ്റും അഞ്ചു മിനുറ്റില്‍ കൂടുതലായി നീണ്ടു നിന്നാലോ, ലക്ഷണങ്ങള്‍ അവസാനിച്ചിട്ടും ശ്വാസമോ, ബോധമോ തിരിച്ചുവരാതെ ഇരുന്നാലോ, ഒരു തവണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷം ഉടനടി തന്നെ വീണ്ടും ഇതാവര്‍ത്തിച്ചാലോ, അപസ്മാരത്തിന്റെ ഭാഗമായി പനി ഉള്‍പെടെയുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലോ ഉടന്‍തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

ചിലയാളുകള്‍ക്ക് അപസ്മാരമുണ്ടാകുവാന്‍ പോകുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ മുന്‍പ് തലവേദന, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. മിക്കവാറും അപസ്മാര ബാധിതര്‍ വീണുപോവുകയും, പൊടുന്നനെ ബോധം നഷ്ടമാവുകയും ഏതാനും നിമിഷങ്ങള്‍ക്കകം ബോധം തെളിയുകയും ചെയ്യാറുണ്ട്. അതിനുശേഷം ശരീരവേദനയോ, തലവേദനയോ, കടുത്ത ക്ഷീണമോ അനുഭവപ്പെടാറുണ്ട്.

രോഗകാരണങ്ങള്‍

തലച്ചോറിനുണ്ടാകുന്ന ഏതു തരത്തിലുള്ള ക്ഷതവും ഈ രോഗത്തിന് കാരണമായി കണക്കാക്കപ്പെടാറുണ്ടെങ്കിലും പലപ്പോഴും ഇതിനു ശരിയായ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനിതകമായ കാരണങ്ങള്‍ കൊണ്ടോ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ കൊണ്ടോ അപസ്മാരം ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്തും പ്രസവസമയത്തും ശരിയായ പരിചരണങ്ങള്‍ നല്‍കുന്നതിലൂടെ ഈ സമയത്ത് ശിശുവിനുണ്ടാകുന്ന ചില മസ്തിഷ്‌ക ക്ഷതങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. അതിലൂടെ ഈ രോഗസാധ്യതയുടെ അളവ് കുറയ്ക്കാന്‍ കഴിയും.

ജന്മനാലുള്ള ചില ദശകള്‍ മസ്തിഷ്‌കത്തില്‍ കാണപ്പെടാം. ഇത്തരം ദശകള്‍ ശക്തിയായ അപസ്മാരരോഗത്തിനും കാരണമാകാം. ഇവയെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങളും അപസ്മാരത്തിനു കാരണമാകാറുണ്ട്. ഇത്തരം രോഗങ്ങളുടെ പ്രതിരോധകുത്തിവെയ്പ്പ് എടുക്കുന്നതിലൂടെ രോഗസാധ്യത കുറയുന്നതാണ്. ശിരസ്സിനുണ്ടാവുന്ന ക്ഷതങ്ങള്‍ ഒഴിവാക്കുന്നതിലൂടെ രോഗസാധ്യത കുറയ്ക്കാം.

അമിത മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും അപസ്മാരത്തിന് കാരണമാകാറുണ്ട്. പരമ്ബരാഗതമായ പ്രത്യേകതകള്‍ ചിലരില്‍ രോഗബാധയ്ക്ക് കാരണമായേക്കാമെങ്കിലും മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അപസ്മാരം ഉണ്ട് എന്നതുകൊണ്ട് മാത്രം മക്കള്‍ക്ക് ഈ രോഗം ഉണ്ടാകണമെന്നില്ല.

രോഗനിര്‍ണയം

ശരിയായ രോഗനിര്‍ണയമാണ് അപസ്മാര ചികിത്സയിലെ ഏറ്റവും പ്രധാനം. ഏതു സാഹചര്യത്തിലാണ് അപസ്മാരം ഉണ്ടായത്, എന്ത് തരം ചേഷ്ടകളാണ് കാട്ടിയത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരം നല്‍കാന്‍ കഴിയണം. രക്തപരിശോധന, ചെസ്റ്റ് എക്‌സറേ തുടങ്ങിയ പരിശോധനകളും പ്രധാനമാണ്.

മിക്കവാറും രോഗികള്‍ക്കെല്ലാം തന്നെ ഇഇജി(Electroencephalography) പരിശോധന നടത്താറുണ്ട്. ചിലര്‍ക്ക് വീഡിയോ റെകോര്‍ഡിങ് ഇഇജി ആവശ്യമായി വരാറുണ്ട്. എംആര്‍ഐയും സിടി ബ്രെയിനും പോലെയുള്ള രോഗനിര്‍ണയ പരിശോധനകളും ചിലരില്‍ ആവശ്യമായി വരാം.

ചികിത്സ

70 ശതമാനം രോഗികളിലും മരുന്നുകള്‍ കൊണ്ട് തന്നെ അപസ്മാരം പൂര്‍ണമായും നിയന്ത്രിക്കുവാന്‍ കഴിയും. ചില അപസ്മാരങ്ങളില്‍ മൂന്നോ നാലോ വര്‍ഷത്തെ ചികിത്സ വേണ്ടിവരും. മറ്റു ചിലരില്‍ ജീവിതകാലം മുഴുവന്‍ ചികിത്സ വേണ്ടി വന്നേക്കാം. അപസ്മാരത്തിനുള്ള മരുന്ന് കഴിക്കുന്ന കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ ആവശ്യമാണ്.

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന അത്രയും കാലം മരുന്ന് മുടങ്ങാതെ കഴിക്കേണ്ടതാണ്. ഒരു വ്യക്തിയുടെ ശരീരഘടന, ആരോഗ്യസ്ഥിതി, മറ്റ് രോഗങ്ങള്‍, ഉപയോഗിക്കുന്ന മറ്റു മരുന്നുകള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് ചികിത്സ നടത്തുന്നത്. അപസ്മാരത്തിന്റെ വകഭേദം തിരിച്ചറിഞ്ഞ ശേഷം മാത്രമേ ചികിത്സ തുടങ്ങാവൂ.

രോഗത്തിന്റെയും രോഗിയുടെയും പ്രത്യേകതകള്‍ മനസ്സിലാക്കി വേണം ഓരോ രോഗിയും കഴിക്കേണ്ട മരുന്നുകള്‍ ക്രമപ്പെടുത്താന്‍. കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ചില രോഗാവസ്ഥകള്‍ കാലക്രമേണ മാറിവരുന്നതായി കണ്ടിട്ടുണ്ട്. ഒന്നിലധികം മരുന്നുകള്‍ ഉപയോഗിച്ചാലും മരുന്നിന്റെ ഡോസ് വര്‍ധിപ്പിച്ചാലും അപസ്മാരത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന ചിലരില്‍ ശസ്ത്രക്രിയ ഉള്‍പെടെയുള്ള മാര്‍ഗങ്ങള്‍ ഫലപ്രദമായി കണ്ടുവരുന്നു.

സങ്കീര്‍ണമേറിയതും തികഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ളതുമായ അപസ്മാര ശസ്ത്രക്രിയയില്‍ രോഗത്തിന്റെ സ്വഭാവം രോഗബാധയുടെ ഉത്ഭവ കേന്ദ്രം തുടങ്ങിയവ കൃത്യമായി നിര്‍ണയിച്ച ശേഷം തലച്ചോര്‍ തുറന്ന് ശസ്ത്രക്രിയ നടത്തുകയാണ് ചെയ്യാറുള്ളത്. വലിയ ഒരു വിഭാഗം ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അപസ്മാര രോഗികളിലും രോഗത്തിന് പൂര്‍ണ ശമനം ലഭ്യമാകുന്നത് കണ്ടുവരുന്നു. കുറച്ച്‌ പേരില്‍ അസുഖത്തിന്റെ തീവ്രതയും തുടര്‍ചയായ ആവര്‍ത്തനങ്ങളും ഇല്ലാതാക്കുവാനും കഴിക്കുന്ന മരുന്നിന്റെ അളവ് ഗണ്യമായി കുറയ്ക്കുവാനും സാധിക്കുന്നു. ശസ്ത്രക്രിയ ഫലപ്രദമാകാത്തവരില്‍ വേഗല്‍ നെര്‍വ് സ്റ്റിമുലേഷന്‍ എന്ന മാര്‍ഗവും വിജയകരമാകാറുണ്ട്.