00:00
“ഒന്നാണ് നമ്മൾ….! വികസന കാഴ്ചകളൊരുക്കി പിആർഡിയുടെ എന്റെ കേരളം പവലിയൻ; 360 ഡിഗ്രി സെൽഫി ബൂത്ത്

“ഒന്നാണ് നമ്മൾ….! വികസന കാഴ്ചകളൊരുക്കി പിആർഡിയുടെ എന്റെ കേരളം പവലിയൻ; 360 ഡിഗ്രി സെൽഫി ബൂത്ത്

സ്വന്തം ലേഖിക

കോട്ടയം: എന്റെ കേരളം പ്രദർശനവിപണനമേള നഗരിയിൽ വിനോദ വിജ്ഞാന കാഴ്ചകളൊരുക്കി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയൻ.

‘ഒന്നാണ് നമ്മൾ’ എന്ന തീമിൽ തയാറാക്കിയിട്ടുള്ള പവലിയനിൽ ദൃശ്യ മികവൊരുക്കി വികസന കാഴ്ചകൾ പങ്കുവെയ്ക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് വിനോദത്തിനുള്ള ഇടവുമൊരുക്കിയിട്ടുണ്ട്. മേളയുടെ പ്രധാന കവാടത്തോട് ചേർന്നുള്ള പവലിയനിൽ വിവിധ വകുപ്പുകളുടെ നേട്ടങ്ങൾ പങ്കുവെയ്ക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകളാണ് ആദ്യമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മ്യൂണിറ്റി കിച്ചൻ, ക്ഷേമപെൻഷൻ, മാതൃക പോലീസ്, കോവിഡ് വാക്‌സിനേഷൻ ഡ്രൈവ്, സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, ശുചിത്വം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ കേരളം ഒന്നാമതായത് സംബന്ധിച്ച ഡിജിറ്റൽ ചിത്രങ്ങളും വീഡിയോകളുമാണ് ക്രമീകരിച്ചിട്ടുള്ളത്. താഴെയുള്ള എൽ.ഇ.ഡി വാളിൽ വകുപ്പുകളുടെയും പദ്ധതികളുടെയും വിശദാംശങ്ങൾ വായിക്കാനാകും. വിവിധ മേഖലകളിലെ സർക്കാരിന്റെ നേട്ടങ്ങൾ എളുപ്പത്തിലറിയാൻ കഴിയുന്ന വിധമാണ് ക്രമീകരണം. സർക്കാർ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് വിവിധ ഗുണഭോക്താക്കളും അനുഭവസ്ഥരും അഭിപ്രായങ്ങൾ പങ്കു വയ്ക്കുന്ന ഷോർട്ട് വീഡിയോകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

360 ഡിഗ്രി സെൽഫി ബൂത്ത്

വികസന കാഴ്ചകളുടെ പവലിയനിൽ പൊതുജനങ്ങൾക്ക് വിനോദത്തിനായി ഒരുക്കിയിരിക്കുന്ന പ്രധാന ആകർഷണമാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. വികസന കാഴ്ചകളുടെ നടുവിലായി ഒരുക്കിയിരിക്കുന്ന ഈ സെൽഫി ബൂത്തിൽ കയറി നിന്നാൽ മതി 360 ഡിഗ്രിയിലുള്ള 17 സെക്കൻഡ് ദൈർഘ്യമുള്ള നിങ്ങളുടെ വീഡിയോകൾ റെഡി. ബാക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ കഴിയുംവിധം വീഡിയോകൾ വാട്‌സ്അപ്പിലോ മെയിലിലോ ലഭിക്കും.

ഗോപ്രോ ക്യാമറയിലാണ് ചിത്രീകരണം നടത്തുന്നത്. പ്രായഭേദമന്യേ മേളയിൽ എത്തുന്നവരുടെ പ്രധാന ആകർഷണമായി ഈ സെൽഫി ബൂത്ത്.

ലക്കി ഡ്രോ ; സമ്മാനങ്ങൾ നേടാം

പവലിയൻ കാഴ്ചകളിലെ ഡിജിറ്റൽ ക്വിസ് മത്സരമാണ് മറ്റൊരാകർഷണം. പൊതുജനങ്ങൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. ഇവിടെയുള്ള വലിയ സ്‌ക്രീനിൽ ഫോൺ നമ്പർ എന്റർ ചെയ്ത് ഡിസ്‌പ്ലേ ബോർഡിലുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ രേഖപ്പെടുത്തുന്നതോടെ മത്സരത്തിൽ പങ്കാളിയാകാൻ കഴിയും. നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.