play-sharp-fill
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തില്‍ ഇത്തവണ 543 മണ്ഡലങ്ങൾക്ക് പകരം 544 ; മണ്ഡലങ്ങളുടെ എണ്ണത്തില്‍ ഒരെണ്ണം അധികം; കാരണമെന്ത് ?

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തില്‍ ഇത്തവണ 543 മണ്ഡലങ്ങൾക്ക് പകരം 544 ; മണ്ഡലങ്ങളുടെ എണ്ണത്തില്‍ ഒരെണ്ണം അധികം; കാരണമെന്ത് ?

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം വന്നതോടെ  മണ്ഡലങ്ങളുടെ എണ്ണം കണ്ട് പലരും ഞെട്ടി. സാധാരണ 543 ലോക്‌സഭാ സീറ്റുകളുണ്ടാകേണ്ടിടത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയിരിക്കുന്നത് 544 എന്ന കണക്ക്.

ഇതിന് കാരണമായത് മണിപ്പൂരാണ് , 2023 മെയ് 3നാണ് മണിപ്പൂരില്‍ മെയ്തി- കുക്കി വിഭാഗങ്ങളില്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. അന്ന് മുതല്‍ അശാന്തിയുടെ ഉമിത്തീയില്‍ നീറുന്ന മണിപ്പൂരിന് ആശ്വാസമേകാൻ സംസ്ഥാനത്തിനോ കേന്ദ്രത്തിനോ സാധിച്ചിട്ടില്ല. ഒടുവില്‍ ലോകം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് രാജ്യം സാക്ഷ്യം വഹിക്കാനിരിക്കെ, ആ തെരഞ്ഞെടുപ്പ് ക്രമത്തില്‍ പോലും മണിപ്പൂർ കാരണം മാറ്റം വരുത്തേണ്ടതായി വരുന്നു. രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ നീളും. ഒരു മണ്ഡലത്തില്‍ ഒരു ദിവസം മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ. എന്നാല്‍ മണിപ്പൂരിലെ ഒരു മണ്ഡലത്തില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കുക്കി-മെയ്തി സംഘർഷം രൂക്ഷമായ ചുരാചന്ദ്പൂർ, ചന്ദേല്‍ എന്നീ ജില്ലകള്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിലാണ് ഉള്‍പ്പെടുന്നത്. ഔട്ടർ മണിപ്പൂരിലെ മണ്ഡലത്തില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്- ഏപ്രില്‍ 19നും 26നും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 19ന് 15 പ്രദേശങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്- ഹെയ്‌റോക്ക്, വാംഗ്ജിംഗ്, ടെൻത, കംഗബോക്ക്, വാബ്ഗായ്, കാക്ചിംഗ്, ഹിയാംഗ്ലം, സുഗ്നൂ, ചന്ദേല്‍, സൈകുല്‍, കാംഗ്‌പോക്പി, സൈടു, ഹെംഗ്ലേപ് , ചുരാചന്ദ്പൂർ, സൈകോട്ട്, സിംഘട്ട്. ഔട്ടർ മണിപ്പൂരിലെ ബാക്കി 13 പ്രദേശങ്ങളായ ജിരിബം, ടെംഗ്നൗപാല്‍, ഫുംഗ്യാർ, ഉഖ്‌റുള്‍, ചിംഗായി, കരോംഗ്, മാവോ, ടതുബി, താമെയ്, തമെംഗ്ലോംഗ്, നുംഗ്ബ, തിപായ്മുഖ്, താൻലോണ്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്.

മണിപ്പൂരില്‍ സംഘർഷം രൂപപ്പെട്ടതോടെ ഈ പ്രദേശങ്ങളിലെ പലരും വീടുപേക്ഷിച്ച്‌  ക്യാമ്പുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്യാമ്പുകൾക്ക് സമീപമായി പോളിംഗ് ബൂത്ത് സജ്ജീകരിക്കാമെന്നാണ് ഇലക്ഷൻ കമ്മീഷന്റെ തീരുമാനം.