എൽദോയെ തല്ലിയാൽ ഇങ്ങനെയിരിക്കും..! സിപിഐയുടെ പ്രതികാരത്തിൽകുടുങ്ങിയ എസ്‌ഐ വിപിൻദാസ് ഓണക്കാലത്തും സസ്‌പെൻഷനിൽ; രാഷ്ട്രീയ പോരിലെ സസ്‌പെൻഷനെ തുടർന്ന് ഓണക്കാലത്ത് വിപിൻദാസിന്റെ കുടുംബം പട്ടിണിയിൽ

എൽദോയെ തല്ലിയാൽ ഇങ്ങനെയിരിക്കും..! സിപിഐയുടെ പ്രതികാരത്തിൽകുടുങ്ങിയ എസ്‌ഐ വിപിൻദാസ് ഓണക്കാലത്തും സസ്‌പെൻഷനിൽ; രാഷ്ട്രീയ പോരിലെ സസ്‌പെൻഷനെ തുടർന്ന് ഓണക്കാലത്ത് വിപിൻദാസിന്റെ കുടുംബം പട്ടിണിയിൽ

സ്വന്തം ലേഖകൻ
കൊച്ചി: പൊലീസുകാരനെ തല്ലിയാൽ പുണ്യംകിട്ടുമെന്ന സിനിമാ ഡയലോഗിന് കയ്യടിച്ച മലയാളി പക്ഷേ, രാഷ്ട്രീയ പോരിൽ ബലിയാടായ ഒരു എസ്.ഐയുടെ ദുരിതകഥ പക്ഷേ കാണുന്നില്ല. സിപിഐയുടെ കമ്മിഷണർ ഓഫിസ് മാർച്ചിൽ എംഎൽഎ എൽദോസ് എബ്രഹാമിന്റെ കൈ തല്ലിയൊടിച്ചെന്ന കേസിൽ ആരോപണ വിധേയനായി സസ്‌പെൻഷനിൽ കഴിയുന്ന എസ്.ഐ വിപിൻ ദാസിന്റെ വാട്‌സ്അപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
തികച്ചും ജനകീയനായ, കുറ്റാന്വേഷണ മികവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് വിപിൻ ദാസ്. സാധാരണക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും അടക്കം ഒരു പോലെ പ്രിയപ്പെട്ടവനാണ് എസ്.ഐ.  എന്നാൽ, ജൂലൈയിൽ നടന്ന സിപിഐയുടെ മാർച്ച് അദ്ദേഹത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചു. കറുത്ത പാട് വീണു. സസ്പെൻഷനിലായതോടെ, ഓണക്കാലത്ത് അരി മേടിക്കാൻ പോലും കാശില്ലാതെ വലയുകയാണ് വിപിൻദാസ്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഇട്ട വാട്സാപ്പ് സ്റ്റാറ്റസാണ് കണ്ണുനിറയ്ക്കുന്നത്.
‘ആത്മാർഥത കുടുംബത്തോട് മതി, അല്ലേൽ ഇതുപോലെ ഓണത്തിന് പട്ടിണി കിടക്കേണ്ടി വരും. കുടുംബത്തിലെ കാശുമായി കേസ് അന്വേഷിക്കാൻ പോകുമ്‌ബോ ഓർക്കണം.’ പ്രമാദമായ കേസുകൾ അന്വേഷിച്ച് മിടുക്ക് കാട്ടിയ ഉദ്യോഗസ്ഥനാണ് ഇങ്ങനെ ഓണത്തിന് വീട്ടിലിരിക്കേണ്ടി വരുന്നത്. പല കേസുകളിലും അന്വേഷണത്തിന് പോകുമ്‌ബോൾ ചിലപ്പോൾ കൈയിൽ നിന്ന് കാശെടുക്കേണ്ടി വരും. അങ്ങനെ ആത്മാർഥമായി പണിയെടുത്തിട്ടും തനിക്ക് ഈ ഗതി വന്നല്ലോയെന്നാണ് എസ്ഐ വിപിൻ ദാസ് തന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ സ്വയം പഴിക്കുന്നത്.
നോയിഡ കിഡ്നാപ്പിങ് കേസ്, 250 ഓളം മോഷണക്കേസുകൾ, 100 ഓളം ഗുഡ് സർവീസ് എൻട്രികൾ, എന്നിങ്ങനെ നിരവധി മെരിറ്റുകൾ സർവീസിൽ നേടിയ ഉദ്യോഗസ്ഥന് രാഷ്ട്രീയക്കളികളിൽ പെട്ട് കരിയർ അവതാളത്തിലായി. നോയിഡ കേസിൽ സിനിമയിൽ അവസരം കൊടുക്കാമെന്ന് പറഞ്ഞ് ഒരുപെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുപിയിലും, ഡൽഹിയിലുമായി ദിവസങ്ങളോളം താമസിച്ചാണ് പെൺകുട്ടിയെ കണ്ടെത്തുകയും, പ്രതികളെ പിടികൂടുകയം ചെയ്തത്. ഓണക്കാലത്ത് ഇതെല്ലാം ഓർത്തിരിക്കാമെന്നല്ലാതെ എന്തുചെയ്യാനെന്ന് സങ്കടം പറയുന്നു വിപിൻ ദാസ്.
കൊച്ചി സിറ്റി അഡിഷണൽ കമ്മീഷണർ കെപി ഫിലിപ്പാണ് വിപിൻ ദാസിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. എൽദോ എബ്രഹാം എംഎൽഎയെ തിരിച്ചറിയാൻ കഴിയാതിരുന്നത് എസ്ഐയുടെ വീഴ്ചയാണെന്നാണ് നിരീക്ഷണം. സംഭവത്തിൽ പൊലീസിന് എതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഡിജിപി ലോക്‌നഥ ബെഹ്‌റ റിപ്പോർട്ട് നൽകിയിരുന്നു. ഇത് തള്ളിയാണ് നടപടിയുണ്ടായത്. ജൂലായ് രണ്ടാം വാരത്തിൽ ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിന് നേരെയായിരുന്നു ലാത്തിച്ചാർജുണ്ടായത്. എഐഎസ്എഫ് പ്രവർത്തകരെ കായികമായി നേരിട്ട ഞാറയ്ക്കൽ സർക്കിൾ ഇൻസ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
പൊലീസ് മർദ്ദനത്തിൽ സിപിഐ എംഎൽഎയുടെ കൈ ഒടിഞ്ഞു എന്നത് അവാസ്തവമാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകളുമായി പൊലീസ് രംഗത്തെത്തിയിരുന്നു. രേഖകൾ എറണാകുളം ജില്ലാ കളക്ടർക്ക് കൈമാറി. സിപിഐയെ ശരിക്കും പ്രതിരോധത്തിലാക്കുന്നതായിരുന്നു പുറത്ത് വന്ന വിവരം. കൈയിന്റെ എല്ല് പൊട്ടി എന്ന രീതിയിൽ ആയിരുന്നു പിന്നീട് എൽദോ എംഎൽഎയെ കുറിച്ച് പുറത്ത് വന്ന വാർത്തകൾ. ഇടതുകൈ മുഴുവൻ ബാൻഡേജ് ഇട്ട് കെട്ടിവച്ച നിലയിൽ ആയിരുന്നു എംഎൽഎ പുറത്തിറങ്ങിയതും. എന്നാൽ കൈയെല്ലിന് പൊട്ടലില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
ലാത്തിച്ചാർജ്ജിൽ എൽദോ എബ്രഹാം എംഎൽഎയ്ക്ക് പരിക്കേറ്റിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും ലോകം കണ്ടതാണ്. പരിക്കേറ്റ എൽദോ എബ്രഹാമിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് എക്‌സ് റേ പരിശോധനയും നടത്തിരുന്നു. എന്നാൽ അതിൽ കൈയെല്ലിന് പൊട്ടൽ ഒന്നും ഇല്ല.
ഡിഐജി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീഴ്ച പറ്റിയത് എറണാകുളം ജില്ലാ കമ്മിറ്റിക്കാണെന്ന വാദമാണ് സംസ്ഥാന സമിതി മുന്നോട്ട് വയ്ക്കുന്നത്. പൊലീസ് സ്റ്റേഷൻ മാർച്ചിനായിരുന്നു സംസ്ഥാന സമിതി അനുമതി നൽകിയത് എന്നും ജില്ലാ കമ്മിറ്റി തന്നിഷ്ടപ്രകാരം അത് ഡിഐജി ഓഫീസ് മാർച്ച് ആക്കുകയായിരുന്നു എന്നും ആണ് ആരോപണം.