അജ്ഞാത വാഹനം ഇടിച്ച് കോരുത്തോട് സ്വദേശിനിയായ വയോധിക മരിച്ച സംഭവം : വൃദ്ധയുടെ മരണത്തിന് ഇടയാക്കിയ വാഹനവും ഹൈദരാബാദ് സ്വദേശിയായ ഡ്രൈവറെയും മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
മുണ്ടക്കയം: വൃദ്ധയെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോവുകയും, തുടർന്ന് വൃദ്ധ മരണപ്പെടുകയും ചെയ്ത കേസിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ദിനേശ് കെ.റെഡ്ഡി (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
2023 ഡിസംബർ മാസം പതിനഞ്ചാം തീയതി രാവിലെ ശബരിമല ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന ഇയാള്‍ കോരുത്തോട് പനയ്ക്കച്ചിറ കോളനി ഭാഗത്ത് വച്ച് റോഡിലൂടെ പോവുകയായിരുന്ന കോരുത്തോട് സ്വദേശിനിയായ വൃദ്ധയെ ഇടിക്കുകയും തുടർന്ന് വാഹനം നിർത്താതെ കടന്നുകളയുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയ വൃദ്ധ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണപ്പെടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വാഹനം ഹൈദരാബാദ് രജിസ്ട്രേഷൻ ആണെന്ന് കണ്ടെത്തുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെലുങ്കാന കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാള്‍ ഓടിച്ചിരുന്ന വാഹനവും പോലീസ് കണ്ടെടുത്തു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രിദീപ് ചന്ദ്രൻ,എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ ജോഷി എം. തോമസ്, ജോൺസൺ എ.ജെ, രഞ്ജിത്ത്. എസ്.നായർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.