ക്ഷേത്രമുറ്റത്ത് അലഞ്ഞു തിരിയുന്നവർ തമ്മിൽ തർക്കം; ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുൻപിൽ കുത്തേറ്റ കുമ്മനം സ്വദേശി മരിച്ചു; സ്ഥലത്തു നിന്ന് രക്ഷപെട്ട തൊടുപുഴ സ്വദേശി മരണം നടന്ന് മണിക്കൂറുകൾക്കകം പിടിയിൽ

ക്ഷേത്രമുറ്റത്ത് അലഞ്ഞു തിരിയുന്നവർ തമ്മിൽ തർക്കം; ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു മുൻപിൽ കുത്തേറ്റ കുമ്മനം സ്വദേശി മരിച്ചു; സ്ഥലത്തു നിന്ന് രക്ഷപെട്ട തൊടുപുഴ സ്വദേശി മരണം നടന്ന് മണിക്കൂറുകൾക്കകം പിടിയിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ തമ്മിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര മുറ്റത്ത് വെച്ചുണ്ടായ തർക്കത്തിൽ കുത്തേറ്റ കുമ്മനം സ്വദേശി മരിച്ചു.

വയറിൽ മാരകമായി കുത്തേറ്റ് കുടൽമാല പുറത്ത് ചാടിയ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.സംഭവത്തിന് ശേഷം രക്ഷപെട്ട തൊടുപുഴ സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര മുറ്റത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുമ്മനം സ്വദേശിയായ ഹരീന്ദ്രൻ (ഹരി 65) ആണ് മരിച്ചത്. കേസിലെ പ്രതിയായ ഇടുക്കി പന്നിമറ്റം ഇളംദേശം വെള്ളിയാനിമറ്റം കാഞ്ഞിരംകുഴി വീട്ടിൽ ഗീരീഷ് കെ.എസ് (40) നെ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്ര മൈതാനത്തിന് സമീപമുള്ള കംഫർട്ട് സ്റ്റേഷനു മുൻപിൽ വെച്ച് പ്രതിയും ഹരിയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആശാരി പണിക്കാരനായ പ്രതി വർഷങ്ങളായി വീട് വിട്ട് നടക്കുകയായിരുന്നു.

കുമ്മനം സ്വദേശി ആണെങ്കിലും ഏറ്റുമാനൂർ ക്ഷേത്രപരിസരം കേന്ദ്രീകരിച്ചാണ് ഹരി ജീവിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ വയറിൽ മാരകമായി കുത്തേറ്റ ഹരി ബോധരഹിതനായി വീണു. രക്തത്തിൽ കുളിച്ചു കിടക്കുന്ന ഹരിയെ കണ്ട് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.

ഏറ്റുമാനൂർ എസ്.ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് ഹരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിക്കായി അന്നു തന്നെ അന്വേഷണവും ആരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഹരി മരിച്ചു.

തുടർന്നു, ഇടുക്കിയിലെത്തിയ പൊലീസ് സംഘം പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രേഡ് എസ്.ഐ സജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർ സാബു പി.ജെ, സാബു മാത്യു ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.