എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശനെതിരെ പോസ്റ്ററുകൾ; ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും ആവശ്യം
സ്വന്തം ലേഖകൻ
കൊച്ചി: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ എറണാകുളത്ത് പോസ്റ്ററുകൾ. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടികക്ക് അന്തിമ രൂപം നൽകാൻ ദില്ലിയിൽ ഇന്ന് വീണ്ടും ചർച്ച നടക്കാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനെപ്പറ്റി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, കെ സി വേണുഗോപാൽ, കേരളത്തിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായി ചർച്ച നടത്തും. ആഗസ്റ്റ് 13 ന് ഹൈക്കമാന്റിന് കൈമാറിയ പട്ടികക്കെതിരെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടക്കുന്നത്.
എല്ലാവരുമായും കൂടിയാലോചന നടത്തി തീരുമാനം എടുക്കണമെന്നാണ് സോണിയാഗാന്ധി നൽകിയിരിക്കുന്ന നിർദേശം.