സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ: ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം; എ, ബി പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ; ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുമതി; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്കു വരെ പ്രവേശനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നൽകിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് ഇളവുകൾ. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 15 നു മുകളിലായതിനാൽ ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ ഡി വിഭാഗം പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം.
വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്കു വരെ പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സീൻ എങ്കിലും എടുത്തവർക്കാണു പ്രവേശനം. ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ചയും മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ചയുമുള്ള പതിവു പ്രാർത്ഥനയ്ക്ക് ഇളവ് ബാധകമല്ല. സാധാരണ ദിവസങ്ങളിൽ എല്ലാ ആരാധനാലയങ്ങളിലും 20 പേർക്കാണ് അനുമതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിപിആർ 10 വരെയുള്ള എ, ബി പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എൻജിനീയറിങ്-പോളിടെക്‌നിക് കോളജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ ഹോസ്റ്റലുകളിൽ താമസ സൗകര്യം നൽകണം.
എ, ബി വിഭാഗങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും ഒരു ഡോസ് വാക്സിൻ എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി ഹെയർ സ്‌റ്റൈലിങ്ങിനായി തുറക്കാം.
കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകും. ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവർക്കാണ് ഇവിടെയും പ്രവേശനം ഉണ്ടാവുക.
ഇലക്‌ട്രോണിക് ഷോപ്പുകൾ, ഇലക്‌ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.
സംസ്ഥാനം ഇന്ന് നേരിടുന്ന ഗൗരവതരമായ സാഹചര്യം മറികടക്കാൻ നിയന്ത്രണങ്ങൾ കൂടിയേ തീരുവെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
നിലവിലുള്ള നിയന്ത്രണങ്ങൾ കൊണ്ടാണ് രോഗവ്യാപനം ഇന്നത്തെ നിലയിൽ പിടിച്ചുനിർത്താൻ കഴിഞ്ഞത്. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അഞ്ചിൽ താഴെയുള്ള 86 തദ്ദേശ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്.
ബി വിഭാഗത്തിൽ (ടിപിആർ 5 മുതൽ 10 വരെ) 398 തദ്ദേശ സ്ഥാപനങ്ങളുണ്ട്. സി വിഭാഗത്തിൽ (ടിപിആർ 10 മുതൽ 15 വരെ) 362 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആർ 15 ന് മുകളിലുള്ള 194 തദ്ദേശ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.