എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; പുതിയ മാര്‍ഗരേഖ പുറത്തിറക്കുംമെന്ന് വിദ്യാഭ്യാസ മന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം:കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.പത്ത്,പ്ലസ് വൺ,പ്ലസ് ടു ക്ലാസുകൾക്കുള്ള പുതുക്കിയ മാർഗരേഖ ഉടൻ പുറത്തിറക്കും.
സ്കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമല്ലെന്ന് മന്ത്രി പറഞ്ഞു. എങ്കിലും ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ഓഫ്ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കുന്നത് മുൻകരുതൽ എന്ന നിലയിലാണ്. കുട്ടികളുടെ സുരക്ഷയാണ് സർക്കാറിന് പ്രധാനം. ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകളുടെ സമയക്രമം പുന:ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ് എസ് എൽ സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂർത്തിയാക്കും വിധം ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കും. ഫോകസ് ഏരിയ നിശ്ചയിച്ചു നൽകിക്കഴിഞ്ഞു. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീടുകളിൽ ഇരുന്ന് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുക.
എത്രയും പെട്ടെന്ന് കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ശ്രമം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ വാക്സിൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തും. വാക്സിനേഷൻ കണക്കുകൾ സ്കൂൾ തലത്തിൽ തന്നെ അപ്ഡേറ്റ് ചെയ്യാൻ കൈറ്റ് – വിക്ടർസ് പുതിയ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്കൂളിൽ വരുന്ന 10,11,12 ക്ളാസുകളിലെ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും. ഓൺലൈൻ ക്ലാസുകൾ രണ്ടാഴ്ചയ്ക്കുശേഷവും തുടരണോയെന്നത് ഫെബ്രുവരി രണ്ടാംവാരം പരിശോധിക്കും.