play-sharp-fill
ഭൂചലനമെന്ന്‌ അറിഞ്ഞില്ല; കരുതിയത്‌ ഇടിമുഴക്കം; കോട്ടയം ജില്ലയില്‍ മൂന്നു താലൂക്കുകളില്‍ ഭൂചലനം അനുഭവപ്പെട്ടു

ഭൂചലനമെന്ന്‌ അറിഞ്ഞില്ല; കരുതിയത്‌ ഇടിമുഴക്കം; കോട്ടയം ജില്ലയില്‍ മൂന്നു താലൂക്കുകളില്‍ ഭൂചലനം അനുഭവപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടോടെ ശക്‌തമായ ഇടിമുഴക്കത്തിനു സമാനമായ മുഴക്കമാണു മീനച്ചില്‍, കാഞ്ഞിരപ്പള്ളി, കോട്ടയം താലൂക്കുകളിലെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്‌.

ജില്ലയില്‍ രേഖപ്പെടുത്തിയ ഭൂചലനം പലര്‍ക്കും അനുഭവപ്പെട്ടതു ഇടിമുഴക്കത്തിനു സമാനമായ രീതിയില്‍. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ചില ഭാഗങ്ങളില്‍ ഷെല്‍ഫില്‍ ഇരുന്ന പാത്രങ്ങള്‍ ഇളകുകയും ജനല്‍പാളികളില്‍ നിന്ന്‌ ശബ്‌ദമുണ്ടാകുകയും ചെയ്‌തതോടെയാണു ഭൂചലനമെന്ന്‌ സംശയിച്ചത്‌. പിന്നാലെ,സ്‌ഥിരീകരണവുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ, അരുണാപുരം, പന്ത്രണ്ടാംമൈല്‍, മീനച്ചില്‍ പൂവരണി, പുലിയന്നൂര്‍, തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം, കരൂര്‍, മരങ്ങാട്ടുപിള്ളി പാലയ്‌ക്കാട്ടുമല പ്രദേശങ്ങളിലും ഭൂമിക്കടിയില്‍ നിന്നുള്ള നേരിയ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

കോട്ടയം താലൂക്കിലെ പള്ളിക്കത്തോട്‌, അകലക്കുന്നം മേഖലയില്‍ മുഴക്കം അനുഭവപ്പെട്ടതായി ജനങ്ങള്‍ പറയുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ഏഴാംമൈല്‍, പൈക ആശുപത്രിപ്പടി, വട്ടന്താനം, ഉരുളികുന്നം, എലിക്കുളം, കുരുവിക്കൂട്‌ എന്നിവിടങ്ങളില്‍ ഭൂചലനം വ്യക്‌തമായി അനുഭവപ്പെട്ടുവെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. തമ്പലക്കാട്‌ വഞ്ചിമല പ്രദേശങ്ങളിലും ചിറക്കടവിലും നേരിയ മുഴക്കം കേട്ടതായി ആള്‍ക്കാര്‍ പറഞ്ഞു.

ഏതാനും ആഴ്‌ചകളായി സമയം തെറ്റിയ മഴയും ഇടിയും മിന്നലുമൊക്കെ പതിവായതിനാല്‍ ഇടിമുഴക്കമാണെന്നാണു ഭൂരിഭാഗം പേരും കരുതിയത്‌. ടൗണ്‍ പ്രദേശങ്ങളിലുണ്ടായിരുന്ന പലരും ഇക്കാര്യം അറിഞ്ഞതുമില്ല. ഭൂമിയ്‌ക്കടിയില്‍ നിന്നു മുഴക്കവും തുടര്‍ന്ന്‌ ചെറിയ പ്രകമ്പനത്തോടുകൂടിയ ഭൂചലനവുമാണ് ഉണ്ടായത്.

തുടര്‍ച്ചയായി തറയില്‍ കമ്പനവും അടുക്കളയിലെയിലും ഷെല്‍ഫിലെയും പാത്രങ്ങള്‍ ഇളകുന്ന ശബ്‌ദം, ജനല്‍ പാളികളില്‍ ശബ്‌ദത്തോടെ ചലനം, തറയില്‍ ചവിട്ടി നിന്നവരുടെ കാലില്‍ തരിപ്പ്‌ ഇതൊക്കെയാണ്‌ അനുഭവപ്പെട്ടത്‌.