ഇ കൊമേഴ്സ് സൈറ്റുകളിലെ വ്യാജ റിവ്യുകള്‍ക്ക് ഇനി പിടിവീഴും; കൃത്രിമ റിവ്യു നല്‍കുന്നവര്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തുന്നതടക്കം പരിഗണനയിൽ; മാര്‍ഗനിര്‍ദേശമിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍
സ്വന്തം ലേഖിക
ന്യൂഡൽഹി: ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വിലയിരുത്തലുകളും അഭിപ്രായങ്ങളും നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ .
വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃത്രിമ റിവ്യു നല്‍കുന്നവര്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തുന്നതടക്കം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് ഉപയോഗിച്ചവരില്‍ നിന്ന് ഉല്‍പന്നങ്ങളെയോ സേവനങ്ങളയോ കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ റിവ്യൂ സംവിധാനം. എന്നാല്‍ ഉപഭോക്താക്കളെ വഴിതെറ്റിക്കാന്‍ വലിയ രീതിയില്‍ കൃത്രിമം നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍.
നവംബര്‍ ഇരുപത്തിയഞ്ചോടെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയേക്കും. പണം നല്‍കിയോ പരസ്യമായോ നല്‍കുന്ന റിവ്യൂകള്‍ യഥാര്‍ഥ റിവ്യുകളില്‍ നിന്ന് വേര്‍തിരിക്കാനുള്ള നിര്‍ദേശം ഇതില്‍ ഉള്‍പ്പെടുത്തും.
വ്യാജ റിവ്യുകള്‍ കണ്ടെത്തിയാല്‍ കമ്പനികള്‍ക്ക് അവ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഒരിക്കല്‍ വ്യാജ റിവ്യൂ രേഖപ്പെടുത്തിയാല്‍ അവര്‍ക്ക് പിന്നീട് റിവ്യൂ രേഖപ്പെടുത്താന്‍ കഴിയാത്ത രീതിയല്‍ വിലക്കും നേരിടേണ്ടി വരും. റിവ്യൂ ഉള്ള എല്ലാ പ്ലാറ്റ്ഫോമുകള്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ബാധകമാകും.
കൃത്രിമ റിവ്യുകള്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്തന്നതും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ ഈ മാനദണ്ഡം ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഗൂഗിള്‍, ആമസോണ്‍, സൊമാറ്റോ, സ്വിഗ്വി, മെറ്റ , തുടങ്ങിയ നിരവധി കമ്പനികളുമായി ചര്‍ച്ച ചെയ്താണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ പല വ്യാജ റിവ്യുകളും സ്റ്റാര്‍ റെയ്റ്റിങുകളും ഉപഭോക്താക്കളെ വഴിതെറ്റിക്കാനോ കമ്പനികളെ തകര്‍ക്കാനോ ലക്ഷ്യമിട്ടോ ആണ് സൃഷ്ടിക്കുന്നത്. എന്നാല്‍ നിയന്ത്രണം വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.